banner

കന്യാസ്ത്രീ മഠത്തിൽ പോലീസ് മദ്യപിച്ചു, പരാതിക്കാർ ബ്ലാക്ക് മാസ്സ് ആളുകൾ; ആരോപണവുമായി പിസി ജോർജ്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അതിജീവതെയും പൊലീസിനെയും  സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളുമായി മുൻ എം.എൽ.എ പി.സി ജോർജ്. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകളും ഇവർ ഉൾപ്പെടുന്ന സംഘവും ബ്ലാക്ക് മാസിന്റെ ആളുകളാണെന്നാണ് പി.സി ജോർജ് ആരോപണമുന്നയിച്ചത്. കേസിൽ വിചാരണയ്ക്ക് ശേഷം കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പി.സി ജോർജിനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വിവാദ പരാമർശങ്ങൾ ഉന്നയിച്ചത് പി.സി ജോർജ്.

കേസിന്റെ വാദി ഭാഗം മുഴുവൻ ബ്ലാക്ക് മാസിന്റെ ഭാഗമാണ്. കേസിൽ പൊലീസിനു അമിത ആവേശമാണ്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അന്നത്തെ കോട്ടയം എസ്.പി ഹരിശങ്കറിന് പ്രത്യേക താല്പര്യം കേസിലുണ്ട്. എ.ഐ.ജി ഹരിശങ്കർ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് സംസാരിച്ചത്. അയാൾക്ക് എന്താണ് ഈ വിഷയത്തിൽ ഇത്ര ആവേശമെന്നും പി.സി ജോർജ് ചോദിച്ചു.

കന്യാസ്ത്രീ മഠത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ മദ്യപിക്കുന്നത് താൻ കണ്ടതാണ്. കുടിച്ചു കൂത്താടിയ അവരെ താൻ ആണ് ഓടിച്ചുവിട്ടത്. സോഷ്യൽ മീഡിയയിൽ തുണിയില്ലാത്ത ഒരുത്തിയെയും സാമൂഹിക പ്രവർത്തക എന്നു പറയുന്നവളെയും ശബരിമല കയറ്റിയതും ഇതേ വിഷയത്തിന്റെ ഭാഗമായാണ്. സർക്കാരും പൊലീസും ചേർന്നാണ് ശബരിമലയിൽ യുവതികളെ കയറ്റാൻ ശ്രമിച്ചത്. മതവും കുടുംബ ബന്ധങ്ങളും തകർക്കാനാണ് ശ്രമം.

ഇത്തരത്തിൽ മതവും കുടുംബ ബന്ധങ്ങളും തകർക്കാൻ ശ്രമിക്കുന്നത് കമ്മ്യൂണിസത്തെ വളർത്താൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഈരാറ്റുപേട്ടയിലെ പി.സി ജോർജിന്റെ വീട്ടിലെത്തിയത്. ഒരു പറ്റം വൈദികർക്കൊപ്പമാണ് ബിഷപ്പ് ഫ്രാങ്കോ പി.സി ജോർജിനെ സന്ദർശിക്കാനായി എത്തിയത്.പി.സി ജോർജിന്റെ കുടുംബാംഗങ്ങൾ ചേർന്ന് ഇദ്ദേഹത്തെ വീട്ടിലേയ്ക്കു സ്വീകരിച്ചു. തുടർന്നു, അരമണിക്കൂറോളം ഇദ്ദേഹം വീട്ടിൽ ചിലഴിച്ചു. തുടർന്നു പുറത്തിറങ്ങിയ ബിഷപ്പ് ഫ്രാങ്കോയോട് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉയർത്തിയെങ്കിലും മറുപടി നൽകാതെ അദ്ദേഹം മടങ്ങുകയായിരുന്നു.

Post a Comment

0 Comments