Latest Posts

പോപ്പുലർ ഫ്രണ്ടിന്റെ വെല്ലുവിളി ആർഎസ്എസ് സ്വീകരിക്കുന്നുവെന്ന് വത്സൻ തില്ലങ്കേരി; പ്രകോപനപരമായ പ്രസംഗം, പൊലീസ് കേസെടുത്തു

കണ്ണൂര്‍ : പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്.
പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍ തുടങ്ങി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
പ്രകോപനപരമായ പ്രസംഗം ഉണ്ടാകില്ലെന്ന് പ്രകടനത്തിന് മുമ്പേ തില്ലങ്കേരി പൊലീസിന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് ലംഘിച്ചാണ് പ്രസംഗിച്ചത്. ഇതിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയായിരുന്നു തില്ലങ്കേരി പ്രകോപനപരമായ രീതിയില്‍ പ്രസംഗിച്ചത്.
ആര്‍.എസ്.എസിനെ വെല്ലുവിളിക്കാനും നേതാക്കളെ ആക്രമിക്കാനുമാണ് ഉദ്ദേശമെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വെല്ലുവിളി ആര്‍.എസ്.എസ് സ്വീകരിക്കുമെന്ന് തില്ലങ്കേരി പറഞ്ഞിരുന്നു.

ഞങ്ങളുടെ പ്രവര്‍ത്തകരെ കൊന്നുതള്ളും എന്ന എസ്.ഡി.പി.ഐയുടെ വെല്ലുവിളി സ്വീകരിക്കുന്നു. ഏത് മാര്‍ഗമാണ് നിങ്ങള്‍ സ്വീകരിക്കുന്നത് ആ മാര്‍ഗം സ്വീകരിക്കാന്‍ തങ്ങളും തയ്യാറാണെന്നും അദ്ദഹം പറഞ്ഞു.
വെല്ലുവിളി സ്വീകരിക്കല്‍ ആര്‍.എസ്.എസിന്റെ രീതിയല്ല. അത് ഞങ്ങള്‍ കാര്യമായി എടുത്തിരുന്നില്ല. പക്ഷെ ഇപ്പോള്‍ തുടര്‍ച്ചയായി ഏകപക്ഷീയമായി നിരപരാധികളായ ആളുകളെ കൊന്നു തള്ളിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. പോപ്പുലര്‍ ഫ്രണ്ടിനെ അടക്കാന്‍ സര്‍ക്കാരിന് ആകുന്നില്ലെങ്കില്‍ അവരെ അടക്കാന്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് കരുത്തുണ്ട്. ആ കരുത്ത് പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് എണ്ണം പറഞ്ഞ ലക്ഷണമൊത്ത രാജ്യവിരുദ്ധ പ്രസ്ഥാനമാണ്. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയെയും സൈന്യത്തെയും പൊലീസിനെയും അവര്‍ വെല്ലുവിളിക്കുകയാണ്. നാടിനെ താലിബാനാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധവും പ്രതിരോധവുമെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു.

ആരാണോ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്, ആരാണോ ഞങ്ങള്‍ക്ക് എതിരായി വരുന്നത് അത്തരം ആളുകളോട് മാത്രമാണ് ഞങ്ങള്‍ക്ക് പ്രശ്‌നം. മതത്തിന്റെ ചിഹ്നങ്ങളും ഭാഷയും മതഗ്രന്ഥങ്ങളില്‍ നിന്നുള്ള സൂക്തങ്ങളും ഉപയോഗിച്ച് പലപ്പോഴും മതപരമായ ചില കാര്യങ്ങളുടെ പരിച ഉപയോഗിച്ച് അവര്‍ രക്ഷപെടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

0 Comments

Headline