banner

പ്രധാനമന്ത്രിക്കെതിരെ ലൈവ് ഇട്ട ശേഷം വ്യാപാരിയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു

ലഖ്‌നൗ : കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ ജീവിതം തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ലൈവിലെത്തിയ കടക്കെണിയിലായ വ്യാപാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും ഗുണം കാംക്ഷിക്കുന്നയാളല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മോദി നയംമാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് വ്യാപാരി ലൈവിലെത്തിയത്. ശേഷം വ്യാപാരിയും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ മരിച്ചു. വ്യാപാരി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭാഗ്പത്തിലെ ചെരിപ്പ് വ്യാപാരിയായ രാജീവ് തോമറാണ് ഭാര്യക്കൊപ്പം ആത്മഹത്യക്കു ശ്രമിച്ചത്. യുപി ആദ്യ ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വ്യാപാരിയുടെ ഫേസ്ബുക്ക് ലൈവും ആത്മഹത്യാ ശ്രമവും.

എനിക്ക് അഭിപ്രായസ്വാതന്ത്രമുണ്ടെന്നു കരുതുന്നു. കടം ഞാന്‍ വീട്ടും. ഞാന്‍ മരിച്ചാലും അതു നല്‍കും. പക്ഷേ ഞാന്‍ നിങ്ങളോട് ഈ വീഡിയോ കഴിയുന്നത്ര ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയാണ്. ഞാനൊരു ദേശവിരുദ്ധനല്ല, ഈ രാജ്യത്തോട് വിശ്വാസമുള്ളയാണ്. പക്ഷേ മോദി, നിങ്ങള്‍ കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും ഗുണകാംക്ഷിയല്ല. നിങ്ങളുടെ നയങ്ങള്‍ മാറ്റണം എന്നാണ് നാല്‍പതുകാരനായ രാജീവ് തോമര്‍ കരഞ്ഞുകൊണ്ട് അപേക്ഷിച്ചത്. ജിഎസ്ടിയാണ് തന്റെ ബിസിനസ് തകര്‍ത്തതെന്നും യുവാവ് ചൂണ്ടിക്കാട്ടി.

ഇതിനു ശേഷം യുവാവ് ഒരു പാക്കറ്റ് പൊട്ടിച്ച് അതിലുണ്ടായിരുന്ന വസ്തു വായിലേക്കിടുകയായിരുന്നു. ഈ സമയം അദ്ദേഹത്തിന്റെ ഭാര്യ പൂനം തോമര്‍ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനു ശേഷം വീഡിയോയില്‍ നിന്ന് ഇരുവരും മാറിപ്പോവുകയും ചെയ്തു. രാജീവ് തോമറിന്റെ ഫേസ്ബുക്ക് വീഡിയോ ലൈവായി കണ്ടവരില്‍ ചിലര്‍ പോലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ വച്ചാണ് 38കാരിയായ പൂനം തോമര്‍ മരിച്ചത്.

രാജീവ് തോമറിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അടക്കമുള്ളവരും പങ്കുവച്ചു. വ്യാപാരിയുടെ ആത്മഹത്യാശ്രമത്തിലും അദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തിലും താന്‍ അതീവ ദുഖിതയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. രാജീവ് തോമര്‍ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ചെറുകിട വ്യാപാരികളും മറ്റു വ്യാപാരികളും യുപിയിലുടനീളം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും നോട്ടുനിരോധനവും ജിഎസ്ടിയും ലോക്ക്ഡൗണുമാണ് ഇതിനു കാരണമായതെന്നും കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറക്കവെ പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ സംഭവം പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്. കര്‍ഷക മരണം, കൊവിഡ് കാലത്തെ മരണം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്നിവ പ്രധാനമായും ഉയര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം.

Post a Comment

0 Comments