banner

അഹമ്മദാബാദ് സ്‌ഫോടനക്കേസ്: സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് 56 പേർ; കേസിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 38 പേർക്ക് വധശിക്ഷ, കേസിന്റെ ചരിത്രം ഇങ്ങനെ.....

അഹമ്മദാബ് : 56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരില്‍ മൂന്ന് മലയാളികളടങ്ങുന്ന 38 പേര്‍ക്ക് വധശിക്ഷ. വധശിക്ഷ ലഭിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണ്. ഈരാറ്റുപേട്ട പീടീക്കല്‍ ഷാദുലി, ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്. രണ്ടു മലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്.

വാഗമണ്‍, പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ് ഈരാറ്റുപേട്ട പീടിക്കല്‍ ഷാദുലി, സഹോദരന്‍ ഷിബിലി, ഷറഫുദീന്‍ എന്നിവര്‍. 11 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ആദ്യമായിട്ടാണ് ഒരു കേസില്‍ ഇത്രയധികം പേര്‍ക്ക് വധശിക്ഷ ലഭിക്കുന്നത്. 2008ല്‍ അഹമ്മദാബാദിലുണ്ടായ സ്‌ഫോടന പരമ്പര കേസില്‍ ഗുജറാത്തിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട വിചാരണയ്ക്കിടെ 1100 സാക്ഷികളെയാണ് വിസ്തരിച്ചത്. 28 പേരെ വെറുതിവെട്ട കോടതി 49 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 2008 ജൂലായ് 26-നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്.

70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തി. കേസില്‍ 85 പേരെയാണ് ഗുജറാത്ത് പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ 78 പ്രതികള്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചത്.

ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ യുഎപിഎ. നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. വിചാരണ നടക്കുന്നതിനിടെ 2013-ല്‍ പ്രതികളില്‍ ചിലര്‍ സബര്‍മതി ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവവുമുണ്ടായി. നാലാം നമ്പര്‍ ബാരക്കില്‍ 6 അടി താഴ്ചയിലും 18 അടി നീളത്തിലും ഒരു തുരങ്കം ജയില്‍ അധികൃതര്‍ കണ്ടെത്തിയതോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു.

2008 ജൂലൈ 26ന് ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരില്‍ 14 പേജുള്ള ഒരു ഇ-മെയില്‍ സന്ദേശം ഗുജറാത്തിലെ ടിവി ചാനലുകളുടെ ഓഫീസുകളിലെത്തിച്ചാണ് സ്‌ഫോടനം നടത്തിയത്. ‘ജിഹാദിന്റെ ഉദയം, ഗുജറാത്തിനോടുള്ള പ്രതികാരം’ എന്ന് തലക്കെട്ടിലായിരുന്നു ഇ മെയില്‍. മെയില്‍ വന്ന മിനിറ്റുകള്‍ക്കകം ആദ്യ സ്ഫോടനം നടന്നു.

തിരക്കേറിയ ഓള്‍ഡ് സിറ്റി അടക്കം 20 ഇടങ്ങളില്‍ സ്ഫോടന പരമ്പരയുണ്ടായി. പരിക്കേറ്റവരെ എത്തിച്ച ആശുപത്രികളിലും പൊട്ടിത്തെറിയുണ്ടായി. അന്ന് മരിച്ച് വീണത് 56 പേരാണ്. ഗുജറാത്ത് ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 2002-ലെ ഗുജറാത്ത് കലാപത്തിനുള്ള പ്രതികാരമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Post a Comment

0 Comments