banner

അഞ്ചാലുംമൂട്ടിൽ കോൺഗ്രസ്സിൻ്റെ പ്രതിഷേധം; സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം!

അഞ്ചാലുംമൂട് : കുപ്പണയിൽ തോപ്പിൽ രവി സ്മാരക സ്തൂപം തകർക്കപ്പെട്ട സംഭവത്തിൽ അഞ്ചാലുംമൂട്ടിൽ കോൺഗ്രസ്സിൻ്റെ പ്രതിഷേധം. വൈകിട്ട് ആറരയോടെ ആരംഭിച്ച പ്രതിഷേധ യോഗം അഞ്ചാലുംമൂട് ജംങ്ഷനിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് തോപ്പിൽ രവിയുടെ സ്മാരക സ്തൂപം പോലും കമ്മ്യൂണിസ്റ്റുകാരിൽ ഭയമുളവാക്കുന്നതായും, ഇതിൻ്റെ പ്രതിഫലനമാണ് സ്തൂപം തകർക്കപ്പെട്ട സംഭവമെന്നും രമേഷ് ചെന്നിത്തല ആരോപിച്ചു.

പ്രതിഷേധയോഗത്തിൽ പി.സി വിഷ്ണുനാഥ് എം.എൽ.എ, അഡ്വ. ബിന്ദു കൃഷ്ണ, സൂരജ് രവി, അഡ്വ. ഗോപകുമാർ തുടങ്ങീ പ്രമുഖർ സംസാരിച്ചു.

ഇന്ന് പുലർച്ചയോടെയാണ് കുപ്പണയിൽ സ്ഥിതി ചെയ്തിരുന്ന തോപ്പിൽ രവി സ്മാരക സ്തൂപം തകർക്കപ്പെട്ടത്. ഇതിന് തുടർച്ചയായി രണ്ട് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ വീടിന് നേരെയും കല്ലേറുണ്ടായി. ഇത്തരം ആക്രമണ സംഭവത്തിന് പിന്നിൽ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും പൊലീസ് ഇതിന് ഒത്താശ ചെയ്യുന്നതായും പ്രാദേശിക കോൺഗ്രസ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ലോക്ഡൗൺ സമയത്തും കുപ്പണയിൽ സ്ഥിതി ചെയ്തിരുന്ന തോപ്പിൽ രവി സ്മാരക സ്തൂപം  തകർക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.

അഞ്ചാലുംമൂട്ടിൽ തുടർച്ചയായുള്ള അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായി അഞ്ചാലുംമൂട്ടിലും കുപ്പണയിൽ വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേ സമയം, ശാസ്താംകോട്ട ഡി.ബി കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കൊല്ലം റൂറൽ ജില്ലയിൽ അരങ്ങേറുന്ന രാഷ്ട്രീയ സംഘർഷം ഒഴിവാക്കാനും സമാധാനം പുനർസ്ഥാപിക്കാനുമായി കൊല്ലം റൂറൽ ജില്ലാ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരള പോലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമാണ് വെള്ളിയാഴ്ച പകൽ 3 മുതൽ 21 വരെ റൂറൽ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Post a Comment

0 Comments