banner

ജാതിപ്പേര് വിളിച്ചു, തമിഴ്നാട്ടിൽ 20 പൂജാരിമാര്‍ക്ക് എതിരെ കേസ്

തമിഴ്‌നാട്ടിലെ ചിദംബരം നടരാജ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ സ്ത്രീയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതിന് ക്ഷേത്രത്തിലെ 20 പൂജാരിമാര്‍ക്ക് എതിരെ കേസ്. എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരമാണ് നടപടി. ഫെബ്രുവരി 13 ന് ആണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. 31 കാരിയായ ദളിത് യുവതി ക്ഷേത്രത്തിലേക്ക് എത്തിയതിനെ പുരോഹിതര്‍ ഇടപെട്ട് തടയുകയായിരുന്നു. ഇവരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.

ലക്ഷ്മി ജയശീല എന്ന യുവതിയാണ് അപമാനിക്കപ്പെട്ടത്. കഴിഞ്ഞ 20 വർഷമായി ക്ഷേത്രം സന്ദർശിക്കാറുണ്ടെന്നും, താൻ ഒരു കടുത്ത ഭക്തയാണെന്നും ലക്ഷ്മി പറഞ്ഞു. ''നേരത്തെ ഭഗവാനെ കാണാനായി കനകസഭയില്‍ പ്രവേശിക്കാമായിരുന്നു. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവേശനം അനുവദിച്ചിരുന്നില്ല. ഭക്തരെ കടത്തിവിടാന്‍ കഴിഞ്ഞ നാലു മാസമായി താന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പുരോഹിതന്‍മാര്‍ ഓരോ ഒഴിവുകഴിവുകള്‍ പറയുകയാണെന്ന് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.  '

'ഞാൻ മാത്രമല്ല ഇത് ആവശ്യപ്പെടുന്നത്. ക്ഷേത്രത്തിലെത്തുന്ന നിരവധി ഭക്തരും ഈ അഭ്യർത്ഥന നടത്തിയെങ്കിലും അവർ അവഗണിക്കുകയാണ്. സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് എനിക്കറിയാം. എന്നാൽ അവ ഇപ്പോൾ പിൻവലിച്ചിരിക്കുന്നു.കനകസഭയിലേക്ക് ആളുകൾ പ്രവേശിക്കാൻ ആഗ്രഹിക്കുന്നതിന് ഒരു കാരണമുണ്ട്. നിങ്ങൾ അവിടെ നിന്ന് ശിവനെ നോക്കി പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 

അതൊരു വേറിട്ട അനുഭവമാണ്'' ലക്ഷ്മി പറയുന്നു. ഫെബ്രുവരി 13ന് താൻ വീണ്ടും അഭ്യര്‍ഥിച്ചപ്പോള്‍ രോഷാകുലരായ പൂജാരിമാർ ജാതി അധിക്ഷേപം നടത്തുകയും ബലം പ്രയോഗിച്ച് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തതായി ജയശീല പറയുന്നു.  "ഞാൻ ക്ഷേത്രത്തിൽ നിന്ന് വെള്ളി മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് പൂജാരിമാര്‍ ആരോപിച്ചു. എന്നാൽ പൊലീസ് വന്നപ്പോൾ ഞാൻ അവർക്ക് ഒരു സഹോദരിയെപ്പോലെയാണെന്നാണ് പറഞ്ഞത്. ഞാനൊന്നും മോഷ്ടിച്ചിട്ടില്ല. എന്‍റെ അവകാശങ്ങള്‍ക്കു വേണ്ടി മാത്രമാണ് ഞാന്‍ സംസാരിച്ചത്'' ലക്ഷ്മി പറഞ്ഞു. ഇവർക്കെതിരെ ഔദ്യോഗികമായി പരാതിയൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ചിദംബരം പൊലീസ് അറിയിച്ചു.

Post a Comment

0 Comments