banner

കേരളത്തിലെ കൊവിഡ് വ്യാപനത്തിൽ കേന്ദ്രത്തിന് ആശങ്ക!

കേരളത്തിലെ കൊവിഡ് വ്യാപന കണക്കുകളില്‍ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലും മിസോറാമിലും കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടുന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തിയത്. കേരളത്തിലെ ടിപിആര്‍ മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്രം പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കൂട്ടാനാണ് കേന്ദ്ര നിര്‍ദ്ദേശം.

കേരളത്തിൽ ഇന്നലെ 52,199 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 41.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഇന്നലെ 29 മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. മിസോറാമിൽ ഇന്നലെ 2145 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 29.12% ആണ് ടിപിആർ.

രാജ്യത്തെ 16 സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആദ്യ ഡോസ് വാക്‌സിനേഷൻ 100% പൂർത്തീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല് സംസ്ഥാനങ്ങളിൽ 96-99% ശതമാനം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി. വാക്‌സിനേഷൻ കൂടുന്നത് മരണ നിരക്ക് കുറയുന്നതിന് സഹായിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി.

34 പ്രദേശങ്ങളിൽ കൊവിഡ് ബാധ കുറയുന്നതായി റിപ്പോർട്ടുണ്ട്. ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറവാണ്.

Post a Comment

0 Comments