banner

സിപിഎം പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി; ആക്രമണം അർദ്ധരാത്രിയോടെ, ബന്ധം നിഷേധിച്ച് ബി ജെ പി

കണ്ണൂർ : തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായി. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്.പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു. 

സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് മരിച്ച ഹരിദാസന്‍. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് രാത്രിയോടെ മടങ്ങിവരുമ്പോഴാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. ഹരിദാസന്റെ വീടിന്റെ മുന്നില്‍വെച്ച് ഒരു സംഘം ആള്‍ക്കാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിദാസന്‍ മരിച്ചിരുന്നു. പിന്നീട് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് പ്രശ്‌നങ്ങളൊന്നും നിലനിന്നിരുന്നില്ല എന്നാണ് വിവരം.

അതേ സമയം, സി പി എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന സി പി എം ആരോപണം നിഷേധിച്ച് ബി ജെ പി. യാഥാര്‍ഥ്യം മനസിലാക്കാതെയാണ് സി പി എം പ്രതികരിക്കുന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് പറഞ്ഞു. ബി ജെ പിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് എൻ ഹരിദാസ് പറഞ്ഞു.

Post a Comment

0 Comments