Latest Posts

ദിലീപിൻ്റെ ശബ്ദ സാംപിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്; നിയമ നടപടികൾക്ക് തയ്യാറെടുത്ത് ദിലീപ്, വിടാതെ അന്വേഷണ സംഘവും

നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ശബ്ദ സാംപിൾ നൽകാൻ ദിലീപ് കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി.ദിലീപ്, അനുജൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരാണ് എത്തിയത്.

ബാലചന്ദ്രകുമാർ നൽകിയ തെളിവുകൾ പ്രകാരം സംഭാഷണത്തിലെ ശബ്ദം ശാസ്ത്രീയമായി പ്രതികളുടേത് തന്നെയാണെന്ന് ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്. ഇതിനിടെ മുൻകൂ‍ർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസ് റദ്ദാക്കാൻ ദിലീപ് നീക്കം തുടങ്ങി. ഇന്നോ നാളെയോ ആയി ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് വ്യക്തമാകുന്നത്.

കേസിൽ ഹൈക്കോടതി ഇന്നലെ ദിലീപ് അടക്കമുള്ളവർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണത്തില്‍ ഇടപെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, കുറ്റാരോപിതര്‍ ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം നല്‍കണം, എല്ലാവരും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റ് തേടി പ്രോസിക്യൂഷനു കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് പി.ഗോപിനാഥ് ഉത്തരവില്‍ പറഞ്ഞു.

ഗൂഢാലോചന നടത്തിയെന്ന കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന്‍ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന തെളിവുകള്‍ വച്ച് കുറ്റം നിലനില്‍ക്കില്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി. കുറ്റാരോപിതര്‍ ഫോണുകള്‍ ഹാജരാക്കിയില്ലെന്ന വാദം നിസഹരണമായി കണക്കാക്കാനാവില്ല. കൈവശമുള്ള ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപ്, സഹോദരന്‍ ശിവകുമാര്‍ (അനൂപ്), സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, ബന്ധുവായ അപ്പു എന്നിവരുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.

0 Comments

Headline