banner

ദിലീപ് കേസ്: നടിയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല, മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളക്കരയെ ഞെട്ടിച്ച സംഭവമാണ് ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ്. ഇതിന് മുമ്പ് കേട്ടുകേള്‍വിയില്ലാത്ത സംഭവമായിരുന്നു ഇത്. അക്രമികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. അതേസമയം, ദൃശ്യങ്ങള്‍ അടുത്തിടെ എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് ചോര്‍ന്നു എന്ന വാര്‍ത്ത അതിലും ഞെട്ടിക്കുന്നതായിരുന്നു. കോടതിയിലെ ജീവനക്കാര്‍ക്കും മറ്റും മാത്രം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന കേസുമായി ബന്ധപ്പെട്ട പ്രധാന രേഖ ചോര്‍ന്ന സംഭവത്തില്‍ നടി കടുത്ത നിരാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി, മുഖ്യമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങി രാജ്യത്തെ പ്രധാന വ്യക്തികള്‍ക്ക് നടി ഇക്കാര്യത്തില്‍ പരാതിയായി കത്തയക്കുകയും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രതികരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ.

എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നാണ് നടി ആക്രമിക്കപ്പെട്ട വീഡിയോ ചോര്‍ന്നത് എന്നാണ് അടുത്തിടെ വാര്‍ത്ത വന്നത്. അനുമിതിയില്ലാതെ ചിലര്‍ കണ്ടു എന്നായിരുന്നു പുറത്തുവന്ന വിവരം. തൊട്ടുപിന്നാലെയാണ് ആക്രമണത്തിന് ഇരയായ നടി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് പരാതിയായി കത്തയച്ചത്.

നടി നല്‍കിയെന്ന് പറയുന്ന പരാതി ശ്രദ്ധയില്‍പ്പെട്ടില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്താണെന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിക്കും നടി പരാതിയുടെ പകര്‍പ്പ് കൈമാറിയിരുന്നു എന്നാണ് വിവരം. ഇക്കാര്യത്തില്‍ അന്വേഷണം തുടങ്ങിയിട്ടില്ല.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്ന വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. പ്രോസിക്യൂട്ടര്‍ നിയമനം ഏകപക്ഷീയമായി നടക്കുന്നതല്ല. ബന്ധപ്പെട്ട കക്ഷികള്‍ കൂടി അഭിപ്രായപ്പെടുന്ന ആളെയാണ് പ്രോസിക്യൂട്ടറായി നിയമിക്കുക. അതാണ് കാലതാമസത്തിന് ഇടവരുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ പ്രോസിക്യൂട്ടര്‍മാര്‍ വിചാരണ കോടതിയില്‍ സംശയം പ്രകടിപ്പിച്ച് രാജിവച്ചത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു.

റിപ്പോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാറിനെതിരെ പോലീസ് കേസെടുത്ത വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകരാണ് എന്ന് കരുതി കേസെടുക്കാതിരിക്കാനാകില്ല. ഇക്കാര്യം പരിശോധിക്കും. മാധ്യമ സ്വാതന്ത്ര്യം തടയുന്ന നടപടികളുണ്ടെങ്കില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Post a Comment

0 Comments