banner

ഹിജാബ് ധരിച്ച് പ്രതിഷേധിച്ച പെൺകുട്ടി ആരാണെന്ന് അറിയണോ? പേര് മുസ്‌കാൻ ഖാൻ

ബെംഗളൂരു : കർണാടകയിൽ ഹിജാബിനെതിരായ പ്രതിഷേധക്കാർക്കിടയിലൂടെ ഹിജാബ് അണിഞ്ഞ് അവർക്കെതിരെ പ്രതിഷേധിച്ച ആ വിദ്യാർത്ഥിനിയെ ഓർമ്മയുണ്ടോ?. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ആ പെൺകുട്ടിയുടെ പേര് മുസ്കാന്‍ ഖാൻ എന്നാണ്. കർണ്ണാടക, മാണ്ഡ്യയിലെ പിഇഎസ് കോളജിലെ വിദ്യാർത്ഥിനിയാണ് ആ പെൺകുട്ടി.

കോളജിലേക്ക് കറുത്ത പർദയും ഹിജാബും അണിഞ്ഞെത്തിയ മുസ്കാനയെ ജയ് ശ്രീറാം വിളികളുമായി പ്രതിഷേധക്കാർ നേരിടുകയായിരുന്നു. കാവി ഷാള്‍ വീശി മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു സംഘപരിവാർ അനുകൂലികളായ മുപ്പത്തിലേറെ വരുന്ന വിദ്യാർത്ഥികളുടെ പ്രതിഷേധം. അതിനെതിരെ വന്നതോ ആത്മധൈര്യവുമായി  മുസ്കാന്‍ ഖാൻ.

എന്നാല്‍ പ്രതിഷേധക്കാർക്ക് നേരെ അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചു. ഹിജാബ് ധരിക്കല്‍ തന്റെ അവകാശമാണെന്നും പെണ്‍കുട്ടി വിളിച്ച് പറയുന്നുണ്ടായിരുന്നു. ഒടുവില്‍ കോളജ് ജീവനക്കാർ എത്തിയായിരുന്നു പ്രതിഷേധക്കാരെയും പെൺകുട്ടിയെയും ശാന്തരാക്കിയത്. ഈ രംഗങ്ങള്‍ നിമിഷ നേരം കൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ഉള്‍പ്പടേയുള്ളവർ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തി. ഇപ്പോഴിതാ ഇന്നലെ കോളേജില്‍ നടന്ന സംഭവത്തെക്കുറിച്ച വിശദീകരിച്ച് മുസ്കാനയും രംഗത്ത് എത്തിയിരിക്കുകയാണ്.

പ്രതിഷേധക്കാരുടെ എണ്ണം നോക്കിയല്ല ഞാന്‍ പ്രതികരിക്കാന്‍ നിന്നത്. ഞാന്‍ ഒറ്റക്കായിരുന്നെങ്കിലും മറുപടി നല്‍കാന്‍ എനിക്ക് ഭയം ഒന്നുമുണ്ടായിരുന്നില്ല. ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി തന്റെ പോരാട്ടം തുടരുമെന്നും മുസ്കാന വ്യക്തമാക്കുന്നു. "ഞാൻ ഭയപ്പെട്ടില്ല, ഞാൻ കോളേജിൽ പ്രവേശിച്ചപ്പോൾ ബുർഖ ധരിച്ചതുകൊണ്ടുമാത്രം അവർ എന്നെ തടഞ്ഞു" മുസ്കാനയെ ഉദ്ധരിച്ച എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.

അവർ ജയ് ശ്രീറാം എന്ന് വിളിക്കാൻ തുടങ്ങി. അതിനാൽ ഞാൻ അള്ളാഹു അക്ബർ എന്ന് അതിലും ഉറക്കെ വിളിക്കാന്‍ തുടങ്ങി. പ്രിൻസിപ്പലും ലക്ചറർമാരും എന്നെ പ്രതിഷേധക്കാരില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തു. കോളേജിലെ വിദ്യാർത്ഥികളെന്ന നിലയിൽ ഗ്രൂപ്പിലെ 10 ശതമാനം ആണ്‍കുട്ടികളെ തനിക്ക് അറിയാമെന്നും ബാക്കിയുള്ളവർ പുറത്തുനിന്ന് വന്നവരാണെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.

നമ്മുടെ വിദ്യാഭ്യാസത്തിനാണ് നമ്മുടെ മുൻഗണന. എന്നാല്‍ അവർ നമ്മുടെ വിദ്യാഭ്യാസത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഹിജാബ് ധരിക്കാനും പഠിക്കാനുമുള്ള അവകാശത്തിനുമായി പോരാട്ടം തുടരും. അതില്‍ ആരേയും ഭയപ്പെടുന്നില്ല. ചിലർ മനപ്പൂർവ്വം സാമുദായിക ദ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വിദ്യാർത്ഥികള്‍ മാത്രമല്ല, പുറമേ നിന്നുള്ളവരാണ് ബുദ്ധി കേന്ദ്രമെന്നും മുസ്കാന കൂട്ടിച്ചേർക്കുന്നു.

ഹിജാബ് വിവാദം ശക്തിപ്പെട്ട സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അടുത്ത മൂന്ന് ദിവസം കലാലയങ്ങള്‍ അടച്ചിടുമെന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചത്. ക്രമസമാധാനം പാലിക്കണമെന്ന് വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും ഹൈക്കോടതിയും കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് അഞ്ച് വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഉഡുപ്പിയില്‍ തുടങ്ങിയ പ്രതിഷേധം സംസ്ഥാനത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് വിദ്യാലയങ്ങള്‍ അടച്ചിടാന്‍ സർക്കാർ തീരുമാനിച്ചത്. ഉഡുപ്പിയിലെ തന്നെ മഹാത്മാഗാന്ധി മെമ്മോറിയൽ കോളജിലെ ഒരു വിഭാഗം വിദ്യാർഥികൾ ഒന്നുകിൽ കാവി ഷാൾ ധരിക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ മുസ്ലീം പെൺകുട്ടികളോട് ഹിജാബ് മാറ്റാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്ത് എത്തുകയായിരുന്നു. തുടർന്ന് കുന്ദാപുര ഗവൺമെന്റ് പിയു കോളേജ്, ബസ്രൂരിലെ ശാരദ കോളേജ്, ബൈന്ദൂർ ഗവൺമെന്റ് ജൂനിയർ കോളേജ് എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ പ്രതിഷേധം തുടരുകയായിരുന്നു. അതേസമയം ഹിജാബ് ധരിക്കാനുള്ള അവകാശത്തെ പിന്തുണച്ചും വലിയ രീതിയില്‍ ആളുകള്‍ രംഗത്ത് എത്തുന്നുണ്ട്

Post a Comment

0 Comments