banner

മീഡിയാവൺ സംപ്രേക്ഷണ വിലക്ക്; ബ്രിട്ടൻ്റെ കാനറി പക്ഷികളെ ഓർമ്മിപ്പിച്ച് ഡോ. അരുൺകുമാർ

വാർത്താ ചാനലായ മീഡിയാവണ്ണിൻ്റെ സംപ്രേഷണ വിലക്ക് ശരിവച്ച കോടതി നടപടിക്ക് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് സമൂഹ്യ മാധ്യമങ്ങളുടെ വിവിധ ഭാഗത്ത് നിന്ന് ഉയർന്നു വരുന്നത്. ഇപ്പോൾ ജനപ്രീയ മാധ്യമ പ്രവർത്തകനായ ഡോ. അരുൺകുമാറിൻ്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

കൽക്കരി ഖനികളിൽ വിഷവാതക സാന്നിധ്യം തിരിച്ചറിയാൻ കാനറി പക്ഷികൾ ഉപയോഗിച്ചിരുന്ന സംഭവമാണ് അരുൺകുമാർ സൂചിപ്പിക്കുന്നത്. കൽക്കരി ഖനികളിൽ നിന്ന് പുറത്ത് വരുന്ന ഓരോ കാനറി പക്ഷികളും പ്രാണവായുവിൻ്റെ സാന്നിധ്യത്തിൻ്റെ അടയാളമാണ്. ഇതു പോലെ ജനാധിപത്യത്തിൻ്റെ സാന്നിധ്യമറിയിക്കുന്ന കാനറി പക്ഷികളാണ് മാധ്യമങ്ങളെന്ന് പ്രതിവാദിച്ച അദ്ദേഹം മരിച്ചു വീഴുന്ന ഓരോ മാധ്യമവും അടയാളപ്പെടുത്തുന്നത് ജനാധിപത്യത്തിൻ്റെ പ്രാണവായു നേർത്തു പോകുന്നു എന്ന് തന്നെയാണ് എന്നും ഓർമ്മിപ്പിക്കുന്നു.

സംപ്രേക്ഷണം തടയുക എന്നാൽ ജനാധിപത്യത്തിന് സംപ്രേക്ഷണം ഇല്ല എന്നാണർത്ഥം എന്ന് വ്യക്തമാക്കിയ അദ്ദേഹം. തിരിച്ചു വരുമെന്ന ശുഭ വിശ്വാസവും പങ്ക് വെയ്ക്കുന്നു. 

അതേസമയം, മീഡിയാ വണ്‍ ചാനലിന്‍റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. ചാനലിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടിയെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മീഡിയാ വൺ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം തടഞ്ഞത്.

ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ചാനൽ സംപ്രേക്ഷണം വിലക്കിയതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയ ഫയലുകള്‍ പരിശോധിച്ചതിൽനിന്ന് വിലക്കിനു കാരണമായി പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നാണ് ബോധ്യപ്പെട്ടതെന്ന് കോടതി വ്യക്തമാക്കുന്നു. ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.


ഡോ. അരുൺകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം.........

കൽക്കരി ഖനികളിൽ വിഷവാതക സാന്നിധ്യം തിരിച്ചറിയാൻ കാനറി പക്ഷികൾ ഉപയോഗിച്ചിരുന്നു അടുത്ത കാലം വരെയും ബ്രിട്ടൻ. ഖനികളിലെ പ്രാണവായുവിൻ്റെ സാന്നിധ്യത്തിൻ്റെ അടയാളമാണ് പുറത്തു വരുന്ന കാനറി പക്ഷികൾ. ജനാധിപത്യത്തിൻ്റെ സാന്നിധ്യമറിയിക്കുന്ന കാനറി പക്ഷികളാണ് മാധ്യമങ്ങൾ. മരിച്ചു വീഴുന്ന ഓരോ മാധ്യമവും അടയാളപ്പെടുത്തുന്നത് ജനാധിപത്യത്തിൻ്റെ പ്രാണവായു നേർത്തു പോകുന്നു എന്ന് തന്നെയാണ്. 
ഒരു പക്ഷി കൂടി കണ്ണടയ്ക്കുന്നു...!
ഓഫ് എയർ എന്നാൽ ജനാധിപത്യത്തിന് നോ എയർ എന്നാണർത്ഥം. 
തിരിച്ചു വരുമെന്ന വിശ്വാസമോടെ, ഒപ്പം !

Post a Comment

0 Comments