ബെംഗളൂരു : ഹിജാബ് വിവാദത്തിനിടെ സ്‌കൂള്‍ വീണ്ടും തുറന്ന കര്‍ണാടകത്തില്‍ കര്‍ശന പരിശോധന. ഹിജാബ് ധരിച്ചെത്തിയ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല. അധ്യാപികയുമായി രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ സംസാരിക്കുന്നതും ചില വിദ്യാര്‍ഥികള്‍ ഹിജാബ് അഴിച്ച ശേഷം സ്‌കൂളില്‍ പ്രവേശിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഹിജാബ് ധരിച്ച് വീണ്ടും സ്‌കൂളില്‍ പ്രവേശിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അധ്യാപിക പറഞ്ഞു. ചില വിദ്യാര്‍അഥികള്‍ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ചു. ഇവരെ വീട്ടിലേക്ക് മടക്കി അയച്ചു. പരീക്ഷ അടുത്തുവരവെയാണ് സ്‌കൂളുകളില്‍ ഹിജാബ് വിവാദം ഉയര്‍ന്നതും നിയമ നടപടികളിലേക്ക് കടന്നതും.
ഹിജാബ് ധരിച്ച് വിദ്യാര്‍ഥികള്‍ എത്തുന്നതിനെതിരെ വലതുപക്ഷ വിദ്യാര്‍ഥി സംഘടനകളാണ് ആദ്യം രംഗത്തുവന്നത്. അവര്‍ കാവി ഷാള്‍ ധരിച്ച് പ്രതിഷേധിച്ചു. പ്രതിഷേധവും സംഘര്‍ഷ സാഹചര്യവും ഉടലെടുത്തതോടെ സ്‌കൂള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹിജാബ് നിരോധിച്ച് അധികൃതര്‍ നടപടിയെടുത്തു. ഇത് ചോദ്യം ചെയ്ത് ഉഡുപ്പിയിലെ വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. സ്‌കൂള്‍ തുറക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി അന്തിമ വിധി വരുന്നത് വരെ മതപരമായ വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളില്‍ എത്തരുതെന്നും നിര്‍ദേശിച്ചു. ഇടവേളയ്ക്ക് ശേഷം ഇന്നാണ് കര്‍ണാടകത്തില്‍ സ്‌കൂള്‍ തുറന്നത്. ചില കുട്ടികള്‍ ഹിജാബ് ധരിച്ചുതന്നെ എത്തി. ഈ വേളയിലെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് വീഡിയോ പുറത്തുവിട്ടത്.
സ്‌കൂള്‍ കവാടത്തില്‍ അധ്യാപിക രാവിലെ തന്നെ എത്തി. വിദ്യാര്‍ഥികളെ പരിശോധിച്ചാണ് അവര്‍ കടത്തിവിട്ടത്. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞു. അഴിക്കാന്‍ തയ്യാറായവരെ സ്‌കൂളിലേക്ക് കടത്തിവിട്ടു. ചിലര്‍ മടിച്ചതോടെ അവരെ തിരിച്ച് വീട്ടിലേക്ക് അയച്ചു. അധ്യാപികയുമായി രക്ഷിതാക്കള്‍ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രശ്‌നമുണ്ടാകുമെന്നായിരുന്നു അധ്യാപികയുടെ മറുപടി. മാണ്ഡ്യ ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റോട്ടറി സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ക്ലാസിലെത്തുന്നത് വരെ തലമറയ്ക്കാന്‍ അനുമതി നല്‍കണമെന്ന ചില രക്ഷിതാക്കള്‍ അധ്യാപികയോട് അഭ്യാര്‍ഥിച്ചു. എന്നാല്‍ അധ്യാപിക സമ്മതിച്ചില്ല. തുടര്‍ന്നാണ് കവാടത്തിന് പുറത്ത് വച്ച് തട്ടം മാറ്റിയ ശേഷം പ്രവേശിച്ചത്.
ഉഡുപ്പി ജില്ലയിലാണ് ഹിജാബ് വിവാദം ആദ്യം ഉടലെടുത്തത്. കാവി ഷാള്‍ ധരിച്ച് ഒരുവിഭാഗം പ്രതിഷേധം തുടങ്ങിയതോടെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ട് കുട്ടികളോട് തട്ടം അഴിച്ചാല്‍ മാത്രമേ ക്ലാസില്‍ കയറ്റൂ എന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ശിവമോഗയില്‍ 13 കുട്ടികളെയും സമാനമായ രീതിയില്‍ തടഞ്ഞു. ചില വിദ്യാര്‍ഥികള്‍ ബുര്‍ഖ ധരിച്ചാണ് എത്തിയിരുന്നത്. ബുര്‍ഖ അഴിക്കാന്‍ അവര്‍ തയ്യാറായി. എന്നാല്‍ തട്ടം മാറ്റണമെന്ന ആവശ്യം വിദ്യാര്‍ഥികള്‍ നിരസിച്ചുവെന്നും ഉഡുപ്പിയിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു.
0 Comments