banner

അഞ്ചാലുംമൂട്ടിൽ നാലുവയസ്സുകാരനായ മകനെ ക്രൂരമായി മർദ്ധിച്ച അമ്മയ്ക്കും കുടുംബത്തിനും എതിരെ അച്ഛൻ CWC യിൽ പരാതി നൽകി

അഞ്ചാലുംമൂട് : മകനെ ക്രൂരമായി മർദ്ധിച്ച അമ്മയ്ക്കും ഇവരുടെ കുടുംബത്തിനും എതിരെ അച്ഛൻ ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ ഹർജി സമർപ്പിച്ചു. നീരാവിൽ, സുനിൽ ഭവനത്തിൽ സുനിൽ കുമാർ, വടക്കേവിള കളിലീൽ വീട്ടിൽ രേഷ്മ ദമ്പതികളുടെ മകനായ നാലു വയസ്സുകാരനെ അമ്മയും പരാതിയിൽ പരാമർശിക്കുന്ന കുടുംബാംഗങ്ങളും ചേർന്ന് മർദ്ധിക്കുന്നതായി ബോധിപ്പിച്ചു കൊണ്ടാണ് അച്ഛൻ സുനിൽ കുമാർ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇവ സാധൂകരിക്കുന്ന വീഡിയോ ദൃശ്യങ്ങളും മർദ്ധനത്തിൻ്റെ അടയാളങ്ങളും അടങ്ങിയ തെളിവുകളിലൂന്നിയാണ് ഹർജി.

2016 ലാണ് സുനിൽ കുമാർ-രേഷ്മ എന്നിവരുടെ വിവാഹം നടന്നത്. ദാമ്പത്യ പ്രശ്നങ്ങളെ തുടർന്ന് 2020 ഒൻപതാം മാസം മുതൽ ഇരുവരും അകന്ന് താമസിച്ചു വരികയായിരുന്നു. പിന്നാലെ യുവാവ് കോടതിയെ സമീപിക്കുകയും കോടതി നിർദ്ദേശപ്രകാരം മകനെ എല്ലാ ഇംഗ്ലീഷ് മാസവും രണ്ടാം വെള്ളിയാഴ്ചയും നാലാം വെള്ളിയാഴ്ചയും  ഞായറാഴ്ച വരെ അച്ഛനായ സുനിൽ കുമാറിനൊപ്പം അയയ്ക്കാറുണ്ട്.

ഇതിനിടയിൽ അച്ഛനൊപ്പം അയയ്ക്കുന്ന സമയങ്ങളിൽ കുട്ടിയുടെ ദേഹത്ത് മർദനത്തിൻ്റെ അടയാളങ്ങൾ ശ്രദ്ധയിൽപ്പെടുകയും ഈ വിവരം കുട്ടിയുടെ അമ്മയോട് ചോദിക്കുകയും ചെയ്തിരുന്നു, എന്നാൽ കുട്ടി കളിയ്ക്കിടെ മറിഞ്ഞു വീണതാണെന്നാണ് യുവതി അച്ഛനെ അറിയിച്ചത്. പിന്നാലെ കുട്ടി അമ്മയ്ക്കൊപ്പം പോകാൻ വിസമ്മതിക്കുകയും ചെയ്തതോടെ കുട്ടിയിൽ നിന്നാണ് യുവതിയുടെയും കുടുംബത്തിൻ്റെയും ക്രൂരത അറിഞ്ഞതെന്നും സുനിൽ കുമാർ  ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.

ഹർജി സ്വീകരിച്ച കമ്മിറ്റി ഇന്ന് ഇരുകൂട്ടരെയും ജില്ലാ ആസ്ഥാനത്ത് എത്തിച്ചേരാൻ നിർദേശിച്ചതായാണ് വിവരം. നിലവിൽ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ അഡ്വ. സജി നാഥാണ്. തൻ്റെ മകന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹർജിക്കാരൻ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു.

Post a Comment

0 Comments