banner

ഐപിഎല്‍ മെഗാ ലേലത്തിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മീഡ്‌സ് തളര്‍ന്നുവീണു

ഐപിഎല്‍ മെഗാ ലേലത്തിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മീഡ്‌സ് തളര്‍ന്നുവീണു. ബെംഗളൂരുവില്‍ നടക്കുന്ന ഐപിഎല്‍ ലേല 2022 മെഗാ ലേലത്തിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മീഡ്‌സ് തളര്‍ന്നുവീണു. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയ്ക്ക് വേണ്ടിയുള്ള വാശിയേറിയ പോരാട്ടം നടക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ ഫ്രാഞ്ചൈസി ഉടമകളും മറ്റ് ജീവനക്കാരും അദ്ദേഹത്തിന് മെഡിക്കല്‍ സേവനം ലഭ്യമാക്കി. രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് എഡ്മെഡെസ് തളര്‍ന്നുവീഴാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. 2018-ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച എഡ്മീഡ്‌സ്, തുടര്‍ച്ചയായ നാലാം സീസണിലും ലേല നടപടികള്‍ നിര്‍വഹിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ലേലം താതാകാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം ഐപിഎല്‍ മെഗാ ലേലത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ എഡ്മീഡ്സിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഉച്ചകഴിഞ്ഞ് 3:30 മുതല്‍ ലേലം പുനരാരംഭിക്കുമെന്നും സ്ഥിരീകരിച്ചു.

2018 ല്‍, റിച്ചാര്‍ഡ് മാഡ്ലിക്ക് പകരക്കാരനായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ലേല നടപടികള്‍ക്കായി ഹ്യൂ എഡ്മീഡ്‌സിനെ ചുമതലപ്പെടുത്തിയത്. 2008ല്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഐപിഎല്ലിന്റെ ലേലക്കാരനായിരുന്നു മാഡ്ലി.

നേരത്തെ, രാജസ്ഥാന്‍ റോയല്‍സ് രണ്ടാം റൗണ്ടില്‍ ഷിംറോണ്‍ ഹെറ്റ്മയറിനെയും ദേവദത്ത് പടിക്കലിനെയും ടീമിലെത്തിച്ചു. ദേവ്ദത്ത് പടിക്കലിനെ 7.75 കോടി രൂപയ്ക്കും ഹെറ്റ്മയറിനെ 8.5 കോടി രൂപയ്ക്കുമാണ് റോയല്‍സ് സ്വന്തമാക്കിയത്. മനീഷ് പാണ്ഡേയെ 4.6 കോടി രൂപയ്ക്കു ലഖ്നൗ സ്വന്തമാക്കി.

10.75 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഹര്‍ഷല്‍ പട്ടേലിനെ സ്വന്തമാക്കി. ശിഖര്‍ ധവാനും കഗിസോ റബാഡയും യഥാക്രമം 8.25, 9.25 കോടിക്കും പഞ്ചാബ് കിംഗ്‌സിലേക്കെത്തി. ശ്രേയസ് അയ്യര്‍ 12.25 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തി. ഡേവിഡ് വാര്‍ണര്‍, മുഹമ്മദ് ഷമി എന്നിവരെ യഥാക്രമം ഡല്‍ഹി ക്യാപിറ്റല്‍സും ഗുജറാത്ത് ടൈറ്റന്‍സും സ്വന്തമാക്കിയപ്പോള്‍ ഫാഫ് ഡു പ്ലെസിസിനെ ഏഴ് കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) സ്വന്തമാക്കി. റോബിന്‍ ഉത്തപ്പയെ ചെന്നൈ തിരികെ ടീമിലെത്തിച്ചു. ജേസന്‍ റോയെ രണ്ട് കോടിക്ക് ഗുജറാത്ത് സ്വന്തമാക്കി.

അതേസമയം സുരേഷ് റെയ്ന, സ്റ്റീവ് സ്മിത്ത് എന്നിവരെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായില്ല. രണ്ട് കോടി രൂപ അടിസ്ഥാന വിലയായ റെയ്‌നയ്ക്ക് വേണ്ടി തന്റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് ഉള്‍പ്പെടെ ഒരു ഫ്രാഞ്ചൈസിയും മുന്‍പോട്ട് വന്നില്ല. 
ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിലും വിശ്വാസം വെക്കാന്‍ ടീമുകള്‍ തയ്യാറായില്ല. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ താരമായിരുന്ന സ്മിത്തിന് ലഭിച്ച അവസരങ്ങളിലൊന്നും ബാറ്റിങ് മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡേവിഡ് മില്ലറിനെ തേടിയും താര ലേലത്തില്‍ ടീമുകള്‍ എത്തിയില്ല. ഒരു കോടി അടിസ്ഥാന വിലയായ നിതീഷ് റാണ എട്ട് കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് മടങ്ങി. മുംബൈ ഇന്ത്യന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും താരത്തെ സ്വന്തമാക്കാന്‍ മത്സരത്തിനുണ്ടായിരുന്നു.  

Post a Comment

0 Comments