banner

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സംഭവം: ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം തീർന്നു, ഇനി വിധി!

ബെംഗളൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ഹർജി കോടതി വിധി പറയാനായി മാറ്റി. പതിനൊന്ന് ദിവസം വാദം കേട്ട ശേഷമാണ് കോടതി ഹർജിയിൽ അന്തിമ വിധി പ്രസ്താവനത്തിനായി മാറ്റിയത്.

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹിജാബ് നിരോധനം തുടരണമെന്ന ഉറച്ച നിലപാടാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ശബരിമല, മുത്തലാഖ് വിധികളും തങ്ങളുടെ വാദത്തിന് ആധാരമായി കർണാടക സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു.

കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ്ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. വെള്ളിയാഴ്ചകളിലും റമസാൻ ദിനത്തിലും ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള മറ്റൊരു ഹർജി കർണാടക ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. പ്രത്യേക സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ വിദ്യാർത്ഥികളാണ് ഹർജി നൽകിയിരുന്നത്.

ഇനിയൊരു ഇടക്കാല ഉത്തരവ് ഇല്ലെന്നും അന്തിമ ഉത്തരവിനാണ് വാദം കേൾക്കുന്നതെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. അതിനിടെ ഹിജാബ് വിവാദങ്ങൾക്കിടെ ബെംഗ്ലൂരുവിൽ സിഖ് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് ടർബൻ മാറ്റാൻ കോളേജ് അധികൃതർ ആവശ്യപ്പെട്ടതായി പരാതി. വസന്ത് നഗറിലെ മൗണ്ട് കാർമ്മൽ കോളേജിന് എതിരെയാണ് പരാതി.

കോളേജിന്റെ പ്രധാനകവാടത്തിന് മുന്നിൽ അധ്യാപകർ തടഞ്ഞുവെന്നും ടർബൻ അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടതായി പെൺകുട്ടി പരാതിപ്പെട്ടു. നടപടിയിൽ പ്രതിഷേധിച്ച് പെൺകുട്ടി ക്ലാസ് ബഹിഷ്കരിച്ചു.എന്നാൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതവസ്ത്രങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് കോളേജിന്റെ വിശദീകരണം.

Post a Comment

0 Comments