banner

കേരളത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്‌എസ് ലക്ഷ്യമിടുന്നതായി കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം : കലാപഭൂമിയാക്കാന്‍ സംസ്ഥാനത്ത്  ആര്‍എസ്‌എസ് ലക്ഷ്യമിടുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.

പരിശീലനം സിദ്ധിച്ച ആളുകളാണ് ഹരിദാസിന്റെ കൊലപാതകം നടത്തിയിട്ടുള്ളത്. ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിട്ടുള്ള കൊലപാതകമാണിതെന്ന് കോടിയേരി ആരോപിച്ചു. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ആര്‍എസ്‌എസ് ബിജെപി സംഘം മൃഗീയമായാണ് ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ദേഹമാസകലം നിരവധി വെട്ടുകളാണ് ഏല്‍പ്പിച്ചിട്ടുള്ളത്. പരിശീലനം സിദ്ധിച്ച ആളുകളാണ് പിന്നില്‍. ബിജെപി നേതൃത്വം ആസൂത്രണം ചെയ്തിട്ടുള്ള കൊലപാതകമാണിത്.

രണ്ട് പേരെ കൊല്ലുമെന്ന് ബിജെപി നേതാവ് തലേദിവസം പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള കൊലപാതകമാണിത്. സംസ്ഥാനത്തിന്റെ വിവധഭാഗങ്ങളില്‍ അക്രമം നടത്താനുള്ള ആര്‍എസ്‌എസിന്റെ പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ലക്ഷ്യത്തിലാണവര്‍.

ഇതിന് മുന്നോടിയായി ആര്‍എസ്‌എസുകാര്‍ക്ക് പരിശീലനം ലഭിച്ചിട്ടുമുണ്ട്. ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയായിരുന്നു അത്. ഈ പരിശീലനത്തില്‍ പങ്കെടുത്തവരാണ് കൊലപാതകം നടത്തിയെന്ന സംശയമാണ് ബലപ്പെട്ടുവരുന്നത്.

ഇതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടത്തണം. പ്രകോപനത്തില്‍ പെട്ടുപോകാതെ സിപിഎം പ്രവര്‍ത്തകന്മാര്‍ ബഹുജനങ്ങളെ ' കൊലപാതകത്തെ ഒറ്റപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്'- കോടിയേരി പറഞ്ഞു

തലശ്ശേരി ന്യൂമാഹിക്കടുത്ത് സി പി എം പ്രവര്‍ത്തകനായ പുന്നോല്‍ സ്വദേശി ഹരിദാസാണ് (54) കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് മടങ്ങിവരവെ വീടിന് മുന്നില്‍വച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

രണ്ട് ബൈക്കുകളിലായിട്ടാണ് അക്രമിസംഘമെത്തിയത്. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തി. ഇവരുടെ മുന്നില്‍വച്ചായിരുന്നു ഹരിദാസനെ കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹരിദാസന്റെ സഹോദരന്‍ സുരനും വെട്ടേറ്റു. ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു.

ബന്ധുക്കള്‍ ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒരാഴ്ച മുമ്ബ് സി പി എം- ബി ജെ പി സംഘര്‍ഷമുണ്ടായിരുന്നു. തലശ്ശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവടങ്ങളില്‍ ഇന്ന് ഹര്‍ത്താലാണ്.

Post a Comment

0 Comments