banner

‘പച്ച കലര്‍ന്ന ചുവപ്പ്’ പുസ്തകവുമായി കെ ടി ജലീല്‍ എംഎല്‍എ

എം ശിവശങ്കർ ഐ.എ.എസ്സിൻ്റെ ആത്മകഥയ്ക്ക് പിന്നാലെ ഇടത് സഹയാത്രികനും മുന്‍മന്ത്രിയുമായ കെ ടി ജലീല്‍ എം എല്‍ എയുടെ പുസ്തകവും പുറത്തിറങ്ങുന്നു. ‘പച്ച കലര്‍ന്ന ചുവപ്പ്’ എന്നാണ് പുസ്തകത്തിന്റെ പേര്. സ്വര്‍ണക്കടത്ത് കേസും ലോകായുക്തയുടെ നീക്കങ്ങളും അടക്കം ജലീലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എല്ലാ വിവാദങ്ങളും വിശദമായി പരാമര്‍ശിക്കുന്ന പുസ്തകമാകും ഇത്. ചിന്ത പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്.

ജലീലിന്റെ പുസ്തകത്തില്‍ സിറിയക് ജോസഫിന്റെ മുന്‍കാല ചരിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ബോധ്യമുള്ള ചില വെളിപ്പെടുത്തലുകളും ഉണ്ടാകുമെന്ന് ജലീല്‍ പറഞ്ഞു.

അതേ സമയം, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ആരോപണങ്ങളുമായി കെ ടി ജലീല്‍ എംഎല്‍എ. ലോകായുക്ത ബോധപൂര്‍വം ആരുടെയൊക്കെയോ ചട്ടുകമായി പ്രവര്‍ത്തിച്ചെന്നാണ് സംശയിക്കുന്നത്. 

കേസിന്റെ നടപടി ക്രമങ്ങള്‍ 10 ദിവസം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. അര്‍ഹരായ മറ്റാരും ഇല്ലാത്തതിനാല്‍ (അവെയ്‌ലബിലിറ്റി) ആണ് ലോകായുക്തയായി സിറിയക് ജോസഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമിച്ചതെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

യോഗ്യതയുള്ളവര്‍ അപ്പോള്‍ ഇല്ലാതിരുന്നത് കൊണ്ട് ഒരു അഴിമതിക്കാരനെ ആ സ്ഥാനത്ത് നിയമിക്കേണ്ടിവന്നതാണ്. താന്‍ നേരത്തെ പല തവണ പറഞ്ഞതാണ്, അഭയ കേസ് അട്ടിമറിക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചെന്ന കാര്യം സുവ്യക്തമാണ്. തന്റെ പരിധിയില്‍ വരാത്ത കേസില്‍ സിറിയക് ജോസഫ് ഇടപെട്ടത് എന്തിനാണ്? സ്ഥാനം ഒഴിയണമെന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ. 

സിറിയക് ജോസഫിനെതിരെ ഉന്നയിക്കുന്നത് വ്യക്തിപരമായ പകപോക്കലല്ലെന്നും താന്‍ വെളിപ്പെടുത്തുന്നത് വസ്തുതകളാണെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റവും കുറഞ്ഞ കേസുകളില്‍ വിധി പറഞ്ഞ ന്യായാധിപനാണ് സിറിയക് ജോസഫ്. ബന്ധുനിയമന കേസില്‍ തനിക്ക് പറയാനുള്ള ഭാഗം കേള്‍ക്കാതെയാണ് അദ്ദേഹം വിധി പറഞ്ഞതെന്നും ജലീല്‍ പറഞ്ഞു.

إرسال تعليق

0 تعليقات