ആലപ്പുഴ : സ്വകാര്യ ആശുപത്രി ഡോക്ടറെ ക്രൂരമായി മർദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്തു. അടൂർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ രതീഷാണ് കേസിൽ അറസ്റ്റിലായത്. അമ്മയ്‌ക്ക് ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു ഡോക്ടർക്ക് നേരെ പോലീസുകാരന്റെ മർദ്ദനം. നൂറനാട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ വെങ്കിടേഷിനാണ് മർദ്ദനമേറ്റത്.
മർദ്ദനമേറ്റ ഡോക്ടർ വെങ്കിടേഷിന്റെ കൈകൾക്കും കാലിനും പരിക്കുപറ്റിയിട്ടുണ്ട്. പോലീസുകാരൻ രതീഷിന്റെ സഹോദരനും ഡോക്ടറെ മർദ്ദിച്ചവരിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. സഹോദരൻ രാജേഷും കേസിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ രതീഷിന്റെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നൂറനാടുള്ള മാതാ ക്ലീനിക്കിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
പോലീസുകാരൻ രതീഷും സഹോദരനും കൂടി അമ്മയെ ആശുപത്രിയിൽ എത്തിച്ചതായിരുന്നു. എന്നാൽ ചികിത്സ ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് ബഹളം തുടങ്ങിയ ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വെങ്കിടേഷിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് റിപ്പോർട്ട്. നിലിവിൽ രതീഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
0 Comments