banner

വീടിനുള്ളില്‍ തൂങ്ങി മരിച്ച യുവതിയുടെ മരണത്തിൽ ദുരൂഹത; രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട്........

കോഴിക്കോട് : വീടിനുള്ളില്‍ തൂങ്ങി മരിച്ച യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍. കോഴിക്കോട് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷ ഇക്കഴിഞ്ഞ ഡിസംബര്‍ 12നാണ് തൂങ്ങി മരിച്ചത്.

യുവതിക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പറയുമ്പോഴും അന്വേഷണ സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോള്‍ അവര്‍ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

എന്തിനാണ് ഇത്രയും രൂപയുടെ ഇടപാട് നടത്തിയതെന്നോ ആര്‍ക്ക് വേണ്ടിയാണ് ഇടപാട് നടത്തിയതെന്നോ വീട്ടുകാര്‍ക്കോ സുഹൃത്തുകള്‍ക്കോ ഒന്നുമറിയില്ല. ഇതിന് പുറമെ ബിജിഷയുടെ വിവാഹത്തിന് വേണ്ടി കരുതി വെച്ച 35 പവന്‍ സ്വര്‍ണവും വീട്ടുകാര്‍ അറിയാതെ അവര്‍ ബാങ്കില്‍ പണയം വെച്ച് പണം വാങ്ങിയിട്ടുമുണ്ട്. ഇതും എന്തിനാണെന്ന് വീട്ടുകാര്‍ക്കറിയില്ല. ഇത്രയേറെ ഇടപാട് നടത്തിയിട്ടും ആരും ബിജിഷയുടെ മരണ ശേഷം പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരികയോ ബന്ധുക്കളെയോ മറ്റോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നു വീട്ടുകാര്‍. പിന്നെ എന്താണ് ബിജിഷയ്ക്ക് സംഭവിച്ചത് എന്നതാണ് ദുരൂഹമായിരിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.  

ബി.എഡ് ബിരുദധാരികൂടിയായ ബിജിഷ ഇങ്ങനെ ചതിക്കപ്പെട്ടുവെന്ന് നാട്ടുകാര്‍ക്കും വിശ്വസിക്കാനാവുന്നില്ല. നാട്ടിലൊക്കെ ഏറെ ഉര്‍ജസ്വലയായ കുട്ടിയെന്ന നിലയില്‍ വലിയ ബഹുമാനമായിരുന്നു നാട്ടുകാര്‍ക്ക്. ഇടയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ പഠിച്ച സ്‌കൂളില്‍ തന്നെ ക്ലാസെടുക്കാനും പോയിരുന്നു.

ഡിസംബര്‍ 12 ന് പതിവ് പോലെ ജോലിക്ക് പോയ ബിജിഷ തിരിച്ച്‌ വന്നാണ് കൊയിലാണ്ടിയിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. യു.പി.ഐ ആപ്പുകള്‍ വഴി പണമിടപാട് നടത്തിയതിന്റെ തെളിവുകളെല്ലാം നശിപ്പിക്കാനുള്ള ശ്രമവും ബിജിഷ നടത്തിയിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് ദുരൂഹത തോന്നിയ പോലീസ് ബാങ്കിലെത്തിയാണ് പണമിടപാടിന്റെ വിവരങ്ങള്‍ ശേഖരിച്ചത്.

Post a Comment

0 Comments