Latest Posts

ഇനി മുതൽ സപ്ലൈകോ ഉൽപ്പന്നങ്ങൾ ഓൺലൈനായി വാങ്ങാം; അഞ്ച് ശതമാനത്തോളം വിലക്കിഴിവ്

എറണാകുളം : സംസ്ഥാനത്തെ ജില്ല ആസ്ഥാനങ്ങളിലും നഗരങ്ങളിലുമായി  സപ്ലൈകോ ഓണ്‍ലൈന്‍ വില്‍പനയും അനുബന്ധമായി ഹോം ഡെലിവറിയും ആരംഭിച്ചതായി മന്ത്രി അഡ്വ. ജി.ആര്‍ അനില്‍. ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥാനത്ത് കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ വില്‍പനയുടെയും ഹോം ഡെലിവറിയുടെയും സിഎഫ്ആര്‍ഡി-സിഎഫ്‌ടികെ മൊബൈല്‍ ആപ്പിന്‍റേയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍.

ഈ സേവനം മാര്‍ച്ച് 31ഓടെയാകും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും ലഭ്യമാകുക. സപ്ലൈകോ വില്‍പനശാലകള്‍ വിപുലീകരിക്കുകയും പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ എത്തിക്കുകയുമാണ് പൊതുമേഖല സംരംഭമായ സപ്ലൈകോ ചെയ്യുന്നത്. തനത്‌ ഉല്‍പാദകരെ സഹായിക്കുക എന്ന കടമ കൂടി ഈ പൊതുമേഖല സ്ഥാപനം നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളെ പരമാവധി സഹായിക്കുന്നതിനോടൊപ്പം കര്‍ഷകരെ സഹായിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ ചെയ്‌ത് കൊണ്ടിരിക്കുന്നത്. ഓണക്കിറ്റില്‍ കേരളത്തിലെ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിലൂടെ വിപണിയില്‍ മാറ്റം ഉണ്ടാക്കാനായി. കര്‍ഷകര്‍ക്ക് അതു ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വാങ്ങുന്ന ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ വില കുറച്ചാണ് സപ്ലൈകോ ജനങ്ങള്‍ക്കു നല്‍കുന്നത്. ഇതുമൂലം വിലക്കയറ്റ ഭീഷണിയില്‍ നിന്നു ജനങ്ങളെ രക്ഷിക്കാനായി. പുതിയ സംരംഭങ്ങളിലൂടെ കൂടുതല്‍ ജനങ്ങളിലേക്കെത്താനാണ് സപ്ലൈകോ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ ഉല്‍പന്നങ്ങള്‍ ലഭിക്കാൻ 'സപ്ലൈ കേരള' മൊബൈൽ ആപ്പ് വഴിയാണ് ഓർഡർ ചെയ്യേണ്ടത്. നാലു കിലോമീറ്റർ പരിധിയിൽ അഞ്ച് കിലോഗ്രാം ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നതിന് 35 രൂപയും ജിഎസ്‌ടിയും നൽകിയാൽ മതി. ദൂരം കൂടുന്നതിനനുസരിച്ച് വിതരണ നിരക്കിൽ വ്യത്യാസം വരും.

ഓർഡർ സ്വീകരിച്ച് എത്രയും വേഗം ഉല്‍പന്നങ്ങള്‍ എത്തിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മാർച്ച് 31 വരെ സപ്ലൈകോ ഓൺലൈൻ ബില്ലുകൾക്ക് അഞ്ച് ശതമാനം വിലക്കിഴിവ് ലഭിക്കും. സൗജന്യ സമ്മാനവും ഉണ്ടായിരിക്കും. സംസ്ഥാനത്തെ അഞ്ഞൂറിലധികം സൂപ്പർമാർക്കറ്റുകളിൽ ഓൺലൈൻ വില്‍പനയും ഹോം ഡെലിവറിയും മാർച്ച് അവസാനത്തോടെ ആരംഭിക്കും.

0 Comments

Headline