banner

പൊലീസ് സ്റ്റേഷനിലേക്ക് സ്ഥിരമായി വിളിച്ച് തെറി പറയുന്ന വയോധികനെ പിടികൂടി; അന്വേഷണത്തിന് ഇറങ്ങിയത് സഹികെട്ടപ്പോൾ!

വൈപ്പിൻ : പൊലീസ് സ്റ്റേഷനിലേക്ക് സ്ഥിരമായി വിളിച്ച് തെറി പറയുന്ന വയോധികനെ പൊലീസ് പിടികൂടി. മുളവ് കാട് പൊന്നാരിമംഗലം പുളിത്തറ നികത്തിൽ സ്റ്റീഫൻ എന്നു വിളിക്കുന്ന അഗസ്റ്റിൻ ഗോൺസാൽവസി (69) നെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ മൊബൈൽ ഫോണിൽനിന്നു പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് വിളിച്ച് എസ്ഐയെയും പൊലീസുകാരെയും ചീത്ത വിളിക്കുക പതിവായിയിരുന്നെന്ന് പൊലീസ് പറഞ്ഞു. ചീത്തവിളി മാത്രമല്ല ഭീഷണിയും പതിവായി സഹികെട്ടപ്പോഴാണ് ആളെ തപ്പി പൊലീസ് ഇറങ്ങിയത്. ഫോൺ വിളിക്ക് പിന്നിലെ വിരുതനെ കണ്ടപ്പോൾ ആദ്യം പൊലീസും ഒന്ന് ഞെട്ടി, ഒരു വയോധികൻ. മുളവ് കാട് പൊന്നാരിമംഗലം പുളിത്തറ നികത്തിൽ സ്റ്റീഫൻ എന്നു വിളിക്കുന്ന അഗസ്റ്റിൻ ഗോൺസാൽവസി(69)നെയാണ് മുനമ്പം പൊലീസ് പൊക്കിയത്.

ദിവസവും രാത്രിയും പകലും ഇയാൾ പലകുറി മുനമ്പം സ്റ്റേഷനിലെ ഫോണിൽ വിളിക്കുമത്രേ. വനിതാ പൊലീസാണ് ഫോൺ എടുക്കുന്നതെങ്കിൽ അസഭ്യത്തിനു പുറമെ ശൃംഗാര വർത്തമാനവും നടത്തും. തെറിവിളി അസഹ്യമായതോടെ പൊലീസുകാരനായ ബെൻസി നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ സിം കാർഡ് ഉടമയെ തിരിച്ചറിയുകയും ബുധനാഴ്ച പുലർച്ചെ ആളെ വീട്ടിൽ നിന്നു പൊക്കുകയുമായിരുന്നു.

സിഐ. എ.എൽ. യേശുദാസ് ,എസ്‌ഐ. കെ.എസ്.ശ്യാംകുമാർ, സിപിഒ അഭിലാഷ് എന്നിവരടങ്ങിയ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിയുടെ പിടിച്ചെടുത്ത മൊബൈൽ കോടതിയിൽ ഹാജരാക്കും

Post a Comment

0 Comments