കാക്കനാട് രണ്ടരവയസ്സുകാരിക്കെതിരെ മർദ്ദനം ഉണ്ടായതിൽ വിശദമായ അന്വേഷണം വേണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. അമ്മയുടെ മൊഴി പൂർണമായി വിശ്വസനീയമല്ല. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ രണ്ടാനാച്ഛനും അമ്മയും ചേർന്നാണ് കുഞ്ഞിനെ മർദ്ദിച്ചത് എന്ന് കുട്ടിയുടെ അമ്മൂമ്മ വെളിപ്പെടുത്തുകയും ചെയ്തു.
കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നൽകിയ മൊഴി. കുന്തിരക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കൈയ്യിൽ പൊള്ളലേറ്റതെന്നും അമ്മ പറയുന്നു. എന്നാൽ അന്വേഷണ സംഘം ഇത് വിശ്വസാസത്തിലെടുത്തിട്ടില്ല. കുട്ടിക്ക് സംരക്ഷണ ഉറപ്പാക്കേണ്ട അമ്മ ചികിത്സ വൈകിപ്പിച്ചതിന് ബാലനീതി നിയമ പ്രകാരം അമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിലുളളത് കഴിഞ്ഞ ഒറ്റ രാത്രി കൊണ്ടുണ്ടായ മുറിവുകൾ അല്ലെന്നും കുറച്ചധികം ദിവസങ്ങളായി കുട്ടിയെ അതിക്രൂരമായ രീതീയിൽ ഇവർ ദേഹോപദ്രവം ചെയ്തതിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞു.
തലയോട്ടിയിൽ പൊട്ടലുണ്ട്, ശരീരത്തിൽ പലയിടത്തായി പൊളളലേറ്റിട്ടുണ്ട്, ആഴത്തിൽ മുറിവുകളുണ്ട്, ഇടതുകൈ ഒടിഞ്ഞ നിലയിലാണ്. അതേസമയം ഇവരോടൊപ്പമുള്ള രണ്ടാമത്തെ കുട്ടിയുടെ മൊഴിയെടുക്കും. ആ വീട്ടിൽ ഒരു ചെറിയ ആൺകുട്ടി കൂടിയുണ്ട്. ചൈൽഡ് ലൈൻ മുഖേന കുട്ടിയിൽ നിന്നും വിവരങ്ങൾ തേടണം. കുറച്ചു സെൻസിറ്റീവായ വിഷയമാണ്. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചാലും പരിക്ക് അവഗണിച്ചാലും വകുപ്പ് ഒന്ന് തന്നെയാണ്. പക്ഷെ ശിക്ഷ മാറും.
എന്താണ് സംഭവിച്ചതെന്നതിൽ വിദഗ്ധ പരിശോധന നടക്കുന്നുണ്ട്. ഡോക്ടർമാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കുട്ടിയുടെ താടിക്ക് പരിക്കുണ്ട്. തലകീഴായി വീഴുമ്പോൾ തലയ്ക്കും കഴുത്തിനും സംഭവിക്കാവുന്ന പരിക്കുണ്ട്. സംഭവിച്ചതെന്താണെന്ന് വ്യക്തമാവേണ്ടതുണ്ടെന്നും സിഎച്ച് നവാഗരാജു പറഞ്ഞു. പരിക്കേറ്റ കുഞ്ഞിനും അമ്മയ്ക്കും ഒപ്പം താമസിച്ച് വന്നിരുന്ന ആന്റണി ടിജിൻ ഒളിവിലാണ്. ഇയാൾക്കെതിരെ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കുട്ടി ആക്രമിക്കപ്പെട്ട ഫ്‌ളാറ്റിൽ ഫോറെൻസിക് സംഘം തെളിവെടുപ്പ് നടത്തി. അതേസമയം, കുട്ടിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഞായറാഴ്ച നടന്നത് സംശയാസ്പദമായ കാര്യങ്ങളാണ്. ഞായറാഴ്ച അർധരാത്രിയോടെയാണ് തൃക്കാക്കര സ്വദേശിനിയുടെ രണ്ട് വയസുകാരിയായ മകളെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
0 Comments