banner

കൊല്ലം റൂറലിൽ നിരോധനാജ്ഞ; രാഷ്ട്രീയ സംഘർഷത്തിന് സാധ്യത!, നാലിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നതിന് വിലക്ക്

കൊട്ടാരക്കര : ശാസ്താംകോട്ട ഡി.ബി കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കൊല്ലം റൂറൽ ജില്ലയിൽ അരങ്ങേറുന്ന രാഷ്ട്രീയ സംഘർഷം ഒഴിവാക്കാനും സമാധാനം പുനർസ്ഥാപിക്കാനുമായി കൊല്ലം റൂറൽ ജില്ലാ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരള പോലീസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമാണ് വെള്ളിയാഴ്ച പകൽ 3 മുതൽ 21 വരെ റൂറൽ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ശാസ്താംകോട്ട ഡി.ബി കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു വിജയിച്ചിരുന്നു. ഇതിന് പിന്നാലെ ക്യാമ്പസിലെത്തിയ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം അടക്കമുള്ളവരെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച് എസ്.എഫ്.ഐയും. എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച് കെ.എസ്.യുവും രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് ജില്ലയുടെ വിവിധ മേഖലകളിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉടലെടുക്കുകയും ആക്രമ സംഭവങ്ങൾ ഉണ്ടാകുകയും ചെയ്തത്.

കെ.എസ്.യു -എസ്എഫ്ഐ സംഘർഷം വിദ്യാർത്ഥി സംഘർഷങ്ങളിലേക്ക് ഒതുക്കാതെ പ്രശ്നം മാതൃസംഘടനകൾ ഏറ്റെടുത്തതോടെ കൊല്ലം റൂറലിൽ നിരവധി ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം. ഇതിന് ചുക്കാൻ പിടിച്ച് ജില്ലയുടെ പല ഭാഗങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങൾക്ക് സാധ്യതയുള്ളതായി കാട്ടി റൂറൽ പോലീസ് മേധാവിക്ക് ലഭിച്ച റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞയിലേക്ക് കടന്നത്.

റൂറൽ പരിധിയിൽ നാലിൽ അധികം ആളുകൾ കൂട്ടം കുടുന്നതിനും രാഷ്ട്രീയ പാർട്ടികൾ പ്രകടനങ്ങളും യോഗങ്ങളും നടക്കുന്നതിനും നിരോധനാജ്ഞ നിയമ പ്രകാരം വിലക്കുണ്ട്. ഇത് ലംഘിക്കുന്ന പക്ഷം കേരളാ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരവും നിലവിലുള്ള നിയമങ്ങൾ പ്രകാരവും ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും എസ്.പി അറിയിച്ചു.

Post a Comment

0 Comments