banner

പ്രോസിക്യൂഷന് തിരിച്ചടി; ക്രൈം ബ്രാഞ്ച് കേസിൽ ദിലീപിന് ആശ്വാസം!,

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിന് ആശ്വാസം. ദിലീപിനും കൂട്ടാളികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമ്മനാട് എന്നിവരാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടാളികള്‍ക്കുമെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. പ്രതികള്‍ ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കാണാനാവില്ലെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. ജഡ്ജി ജസ്റ്റിസ് പി ​ഗോപിനാഥാണ് ജാമ്യം അനുവദിച്ചത്. 

ജനുവരി 10 നാണ് ദിലീപ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പലതവണ വാദം കേട്ട ഹര്‍ജിയിലെ വാദം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ദിലീപ് അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഡാലോചന നടത്തിയെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് പുറത്തു വന്നത്. നടിയെ ആക്രമിച്ച കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാറാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച ശബ്ദരേഖകളും പുറത്തു വന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്.

എന്നാൽ വിധിക്കെതിരെ സുപ്രീം കോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകില്ലെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട്. അതിനാൽ അന്വേഷണ ഗതി കൂടുതൽ കടുപ്പിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.

Post a Comment

0 Comments