മലപ്പുറം പുത്തനത്താണിയിൽ ഏഴു വയസ്സുകാരന്റെ മരണം ഷിഗല്ല മൂലമെന്ന് സംശയം. ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷിഗല്ല മൂലമാണ് മരണമെന്ന സംശയം നിലനിൽക്കേ ജില്ലയിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
എന്താന് ഷിഗല്ല?
ഷിഗെല്ല വിഭാഗത്തിൽ പെട്ട ബാക്ടീരിയകൾ ഉണ്ടാക്കുന്ന അണുബാധയാണ് ഷിഗെലോസിസ് എന്ന് അറിയപ്പെടുന്നത്. ഇതിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്.ഏതൊരു വയറിളക്കരോഗം പോലെയും, ഷിഗെല്ലയെയും ഭീകരമാക്കുന്നത്, നിർജ്ജലീകരണം മൂലമുള്ള ഗുരുതരാവസ്ഥയും മരണവുമാണ്. യഥാസമയമുള്ള ചികിത്സ കൊണ്ട് തടയാനാവുന്ന ഒന്നാണിത്. വളരെ വിരളമായി, ഷിഗെല്ല കൊണ്ട് മസ്തിഷ്കജ്വരം പോലെയുള്ള ഗുരുതരാവസ്ഥയും കാണാറുണ്ട്.
മനുഷ്യരിലൂടെ പകർന്നു കൊണ്ടിരിക്കുന്ന ഒരു രോഗമായിട്ടും, നമ്മൾ ഇതിനെ ക്കുറിച്ച് എപ്പോഴും കേൾക്കാത്തത് എന്തുകൊണ്ടായിരിക്കാം? നല്ലൊരു വിഭാഗം ആളുകളിലും ചെറിയ ലക്ഷണങ്ങളോടുകൂടി ഈ രോഗം വന്ന് മാറുകയും അവരിൽ ചിലർ ഏതാനും ആഴ്ചകൾ കൂടി രോഗവാഹകരായി തുടരുകയും ചെയ്യാറുണ്ട്. യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ദീർഘകാലം ഷിഗെല്ല രോഗവാഹകരാവുന്ന വ്യക്തികളും ഉണ്ടാവാം. ഇവരിലൂടെയാണ് ബാക്ടീരിയ മനുഷ്യസമൂഹത്തിൽ നിലനിൽക്കുന്നത്. കുട്ടികളിലാണ് ഷിഗെല്ല ഗുരുതരാവസ്ഥയും മരണവും ഉണ്ടാക്കാനുള്ള സാധ്യത കൂടുതൽ.
കുട്ടികളിൽ ഈ രോഗം എത്തുമ്പോൾ വിരളമായി ഗുരുതരാവസ്ഥയിലാകാം. അവർ ആശുപത്രിയിൽ എത്തുമ്പോഴോ, മരണപ്പെടുമ്പോഴോ ആണ് പലപ്പോഴും ഷിഗെല്ല ആണെന്ന് തിരിച്ചറിയപ്പെടുന്നത്. ഇതിനു പുറമേ പൊതുചടങ്ങുകളിലോ, വിരുന്നുകളിലോ വിളമ്പുന്ന വെള്ളത്തിലോ ഭക്ഷണത്തിലോ, രോഗബാധിതരിൽ നിന്നും മലിനമാക്കപ്പെട്ടാൽ, ഒന്നിലേറെ വ്യക്തികളിൽ രോഗം വരാം. ഒരു ഔട്ബ്രേക്ക് എന്ന രീതിയിൽ അന്വേഷിക്കുമ്പോൾ മാത്രമായിരിക്കാം, ഷിഗെല്ലയുടെ സാന്നിധ്യം തിരിച്ചറിയപ്പെടുന്നത്. കേരളത്തിലെ പല ജില്ലകളിലും, ഇതിനുമുൻപും ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വയറിളക്കം മൂലമുള്ള കുഞ്ഞുങ്ങളുടെ മരണം അനുബന്ധിച്ചാണ് പലതും തിരിച്ചറിയപ്പെട്ടിട്ടുള്ളത്.
സാധാരണ വയറിളക്ക രോഗത്തിൽ നിന്നും ഷിഗെല്ലയെ വ്യത്യസ്തമാക്കുന്നത്, ഷിഗല്ല ബാക്ടീരിയ കുടലിന്റെ സ്തരങ്ങളെ ബാധിച്ച്, ഷിഗെല്ല ടോക്സിൻ എന്ന വിഷവസ്തു ഉണ്ടാക്കുന്നു എന്നത് കൊണ്ടാണ്. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച്, സാധാരണ ഒന്നു മുതൽ മൂന്ന് ദിവസങ്ങളിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാവാറുണ്ട്. രക്തവും, കഫവും(മ്യുക്കസ്) കലർന്ന മലമാണ് ഷിഗെല്ല ഡിസെന്ററിയിൽ സാധാരണയായി കാണാറുള്ളത്. ഇതിന് പുറമെ ചർദ്ദി, ഓക്കാനം, വയറു വേദന, പൂർണമായും വയർ ഒഴിഞ്ഞു പോവാത്ത പോലെയുള്ള തോന്നൽ എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.
0 Comments