• മലയാളി പേസ് ബൗളര്‍ എസ്. ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്. 2022 ഐപിഎല്‍ പോരാട്ടത്തിനു മുന്നോടിയായുള്ള മെഗാ താര ലേല പട്ടികയില്‍ ശ്രീശാന്ത് ഉള്‍പ്പെട്ടതോടെയാണ് ഈ പ്രതീക്ഷ. താരലേലത്തിനായി റജിസ്റ്റർ ചെയ്ത 1214 താരങ്ങളിൽനിന്നും പുറത്തുനിന്നുമായിട്ടാണ് ടീമുകൾ താൽപര്യം പ്രകടിപ്പിച്ച 590 താരങ്ങളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ തവണ പേര് റജിസ്റ്റർ ചെയ്തിട്ടും ടീമുകൾ താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനാൽ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കാതെ പോയ മലയാളി താരം ശ്രീശാന്ത് ഇത്തവണ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ആദ്യ കടമ്പ കടന്നു. ഇതോടെ, താരലേലത്തിൽ ശ്രീശാന്തിന്റെ പേരു വരുമെന്ന് ഉറപ്പായി.
nokkam vaarthakal otta nottathil
🔴 മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാരം സ്വന്തമാക്കി പി.ആർ.ശ്രീജേഷിന്.
പർവതാരോഹകൻ സ്‌പെയിനിന്റെ ആല്‍ബെര്‍ട്ടോ ഗിനെസ് ലോപസ്, ഇറ്റാലിയന്‍ വൂഷു താരം മൈക്കിള്‍ ജിയോര്‍ഡാന്‍ എന്നിവരെ ഫൈനല്‍ റൗണ്ടില്‍ മറികടന്നാണ് അന്താരാഷ്ട്ര വേള്‍ഡ് ഗെയിംസ് അസോസിയേഷന്റെ 2021-ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി.ആർ.ശ്രീജേഷ് സ്വന്തമാക്കിയത്. 17 രാജ്യങ്ങളിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ട 24 കായികതാരങ്ങളാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്.ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. ഇതിനുമുന്‍പ് 2019-ല്‍ ഇന്ത്യന്‍ വനിതാ ഹോക്കി നായിക റാണി റാംപാല്‍ പുരസ്‌കാരം നേടിയിരുന്നു.
• വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതി.
കോട്ടയത്ത് വച്ച് പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് അപകടനില തരണം ചെയ്‌തതായി മന്ത്രി വി എൻ വാസവൻ. കൈകാലുകൾ അനങ്ങി തുടങ്ങിയിട്ടുണ്ടെന്നും, വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വാവ സുരേഷിന് ഇതുവരെ ഏറ്റിട്ടുള്ളതിൽവച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാൻ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കൽ കോളേജിൽ നൽകുന്നുണ്ട്. ആരോഗ്യനില പ്രതീക്ഷ നൽകുന്നുണ്ടെന്നും, ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
nokkam vaarthakal otta nottathil
• പൊള്ളയായ ബജറ്റാണ് മോദി സർക്കാരിന്റേത് എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബജറ്റില്‍ എല്ലാ വിഭാഗങ്ങളെയും അവഗണിച്ചെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥ വിഭാഗത്തിനും, മധ്യവർഗ്ഗത്തിനും, പാവപ്പെട്ടവർക്കും, യുവാക്കൾക്കും, കർഷകർക്കും, ഇടത്തരം ചെറുകിട കച്ചവടക്കാർക്കും ബജറ്റിൽ ഒന്നുമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. തൊഴിലില്ലായ്മയും പണപ്പെരുപ്പവും തകർത്ത സാധാരണക്കാർക്ക് ബജറ്റിൽ ഒന്നുമില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പറഞ്ഞു.
nokkam vaarthakal otta nottathil
• തിയറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. സി കാറ്റഗറിയിലുള്ള ജില്ലകളിലെ ഹൈക്കോടതിയിലാണ് കേരള സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അടച്ചിട്ട എസി ഹാളില്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറിലധികം ആളുകള്‍ ചെലവഴിക്കുന്നത് കോവിഡ് വ്യാപിക്കാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തിയറ്ററുകളോട് വിവേചനം കാണിച്ചിട്ടില്ല. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് തിയറ്ററുകളിലെ നിയന്ത്രണം. നീന്തല്‍കുളങ്ങളും ജിമ്മുകളും അടച്ചുപൂട്ടിയിട്ടുണ്ട്. കോവിഡ് വ്യാപന സാധ്യതയുള്ള ഇടങ്ങളായതു കൊണ്ടാണ് ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
nokkam vaarthakal otta nottathil
• ബജറ്റിന് പിന്തുണയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയെ ലോകത്തെ മുൻനിര സമ്പദ്‌വ്യവസ്ഥ ആക്കാൻ ഈ ബജറ്റ് സഹായിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇതൊരു ദീർഘവീക്ഷണമുള്ള ബജറ്റ് ആണെന്നും ഈ ബജറ്റ് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുമെന്നും വ്യക്തമാക്കി. കോവിഡിനു ശേഷമുള്ള ആഗോള സാമ്പത്തിക രംഗത്ത് ഉയർന്ന അവസരങ്ങൾ മുതലെടുത്ത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയെ ലോകത്തെ മുൻ നിര സമ്പദ്‌വ്യവസ്ഥ ആക്കാൻ ബജറ്റ് സഹായകമാകും. അതിന് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിര്‍മ്മലാ സീതാരാമനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
nokkam vaarthakal otta nottathil
• ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ കോടതിയിലെത്തിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഫോണുകൾ എത്തിച്ചത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അന്വേഷണ സംഘത്തിന് കൈമാറണമോ എന്ന കാര്യത്തില്‍ മജിസ്ട്രേറ്റ് തീരുമാനം എടുക്കും. ഹൈക്കോടതിയിലും വിചാരണക്കോടതിയിലും ഇരട്ടതിരിച്ചടികളാണ് ഇന്ന് പ്രോസിക്യൂഷന്‍ നേരിട്ടത്. പ്രതികളെ കസ്റ്റഡിയില്‍ വേണം, മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി കൈമാറണം എന്നിവയായിരുന്നു ഹൈക്കോടതിയില്‍ ദിവസങ്ങളായുള്ള പ്രോസിക്യൂഷന്‍റെ പ്രധാന ആവശ്യങ്ങള്‍.
ഇതിനിടെ വിചാരണക്കോടതിയിലും പ്രോസിക്യൂഷന് വന്‍ തിരിച്ചടി നേരിട്ടു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ആറുമാസം സമയം അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം വിചാരണക്കോടതി തളളി. ഒരു മാസം കൂടിയേ സമയം അനുവദിക്കു എന്നും അടുത്ത മാര്‍ച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തുടരന്വേഷണം നടക്കുന്നതിനാല്‍ വിചാരണ അവസാനിപ്പിക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
nokkam vaarthakal otta nottathil
• തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാരെ അഭിനന്ദിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവിനെ വിദഗ്ധ ചികിത്സ നല്‍കി ജീവന്‍ രക്ഷിച്ച് സംഭവത്തിലാണ് മന്ത്രിയുടെ അഭിനന്ദനം. ഫേസ് ബുക്കിലൂടെയാണ് മന്ത്രി അഭിനന്ദനമറിയിച്ചത്. മലപ്പുറം സ്വദേശിയായ ഷറഫുദ്ദീന്‍ എന്ന 34കാരനാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. വാഹനാപകടത്തില്‍ തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ് ആരെന്നറിയാതെ ആശുപത്രിയിലെത്തിച്ച യുവാവിന് ന്യൂറോ സര്‍ജറി ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സയും പരിശോധനയും പരിചരണവും നല്‍കി.പേരും വിലാസവും ഒന്നും അറിയാതിരുന്നിട്ടും കാവലായി നിന്ന് ഒരേ മനസോടെ പരിചരണം നല്‍കിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് എല്ലാ ജിവനക്കാരേയും അഭിനന്ദിക്കുന്നു.വീണാ ജോര്‍ജ് കുറിച്ചു
nokkam vaarthakal otta nottathil
• യാത്രയ്ക്ക് ചിലവേറും, ബസ് ചാര്‍ജ് വര്‍ധനവ് ഉടനെന്ന് സൂചന.
സംസ്ഥാനത്തെ ബസ് ചാര്‍ജ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കാനും, രാത്രി 40 ശതമാനം അധിക നിരക്ക് ഈടാക്കാനുമാണ് ശുപാര്‍ശ. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് 2 രൂപയിൽ നിന്ന് 5 രൂപയാക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഓര്‍ഡിനറി ബസുകളില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയില്‍ നിന്ന് 10 രൂപയായി വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ.
nokkam vaarthakal otta nottathil
• കഴിഞ്ഞ ഇന്നലെ രാജ്യത്ത് 1,67,059 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. മുൻ ദിവസത്തെ അപേക്ഷിച്ച് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ 20ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.7 ശതമാനത്തിൽ നിന്ന് 11.6 ശതമാനമായി കുറഞ്ഞു. 1192 കൊവിഡ് മരണങ്ങളും ഇന്നലെ സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 17,43,059 പേരാണ്. 94.60 ശതമാനമാണ് രോഗമുക്തി നിരക്ക്.
nokkam vaarthakal otta nottathil
• കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷം. ധനമന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ സാധാരണക്കാരെ വഞ്ചിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. വിലക്കയറ്റവും കൊവിഡ് സമയത്ത് ശമ്പളം വെട്ടിക്കുറച്ചതും കാരണം ഇടത്തരക്കാർ ബുദ്ധിമുട്ടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുഖ്യ വക്താവുമായ രൺദീപ് സുർജേവാല പറഞ്ഞു. 2022-23 ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിമർശനം.
nokkam vaarthakal otta nottathil
പൊതുബഡ്‌ജറ്റ്
• 2022- 2023 സാമ്പത്തിക വർഷത്തേയ്ക്കുള്ള പൊതുബഡ്‌ജറ്റ് അവതരണത്തിൽ ഗതാഗത മേഖലയ്ക്ക് വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികൾ കൊണ്ടുവരുമെന്നും 2000 കിലോമീറ്റർ റെയിൽവേ ശൃംഖല വർദ്ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. മൂന്നു വർഷത്തിനുള്ളിൽ 100പിഎം ഗതിശക്തി കാർഗോ ടെർമിനലുകൾ വികസിപ്പിക്കുമെന്നും മെട്രോ നിർമാണത്തിനായി നൂതന മാർഗങ്ങൾ നടപ്പിലാക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. നഗരങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കും ഗ്രീൻ വാഹനങ്ങൾക്കും കൂടുതൽ പ്രോത്സാഹനം നൽകുമെന്നും വൈദ്യുത വാഹനങ്ങൾക്കായി ബാറ്ററി കൈമാറ്റ സംവിധാനം പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചു.
• സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടി പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം 'വണ്‍ ക്ലാസ് വണ്‍ ചാനല്‍ പദ്ധതി ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. പ്രാദേശിക ഭാഷകളിലായിരിക്കും ചാനലുകൾ.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിട്ടതോടെ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുളള വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം.
• 44605 കോടി രൂപയുടെ കേന്‍ ബേത്വ ലിങ്കിങ് പ്രൊജക്ടും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിലൂടെ 9 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കും. 62 ലക്ഷം ജനങ്ങള്‍ക്ക് കുടി വെള്ളം ലഭ്യമാക്കുമെന്നും പദ്ധതിക്കായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1400 കോടി വകയിരുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.
ഭൂമി കൈമാറ്റത്തിന് 'ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍' പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
• ക്രിപ്റ്റോ നിക്ഷേപവും ഇടപാടുകളും സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം കേന്ദ്ര ബജറ്റിൽ ഉണ്ടായേക്കുമെന്ന പ്രതീക്ഷ തെറ്റിയില്ല. 2022-23 വര്‍ഷത്തില്‍ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കുമെന്ന് ബജറ്റില്‍ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
•••••••••••••••••••••••••••••••••••••••••••••••••
• ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കിഴക്കേമുറി കലാഭവനത്തിൽ ശശിധരൻപിള്ളയുടെ ഭാര്യ പ്രസന്ന(52), മക്കളായ കല(33),മിന്നു(32) എന്നിവരാണ് മരിച്ചത്. ആലപ്പുഴ താമരക്കുളത്താണ് സംഭവം. വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പ്രസന്നയുടെ മക്കൾക്ക് മാനസിക വൈകല്യമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ശശിധരൻപിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
• തട്ടിപ്പും വെട്ടിപ്പും മാത്രമല്ല ലോകത്ത് ഇങ്ങനെയും ചിലരുണ്ടെന്ന സത്യം ജീവിക്കാൻ വല്ലാതെ പ്രേരിപ്പിക്കുന്നതാണ്.പണത്തിനെക്കാളും മൂല്യമുള്ള നിധിയാണ് ചില ബന്ധങ്ങളെന്ന തിരിച്ചറിവാണ് ജീവിതം കൂടുതൽ മനോഹരമാക്കുന്നത്. മുപ്പത് വർഷങ്ങൾക്ക് മുൻപ് ബാപ്പയ്ക്ക് ജീവിതം കരയ്ക്കടുപ്പിക്കാൻ സഹായിച്ച ലൂയിസിനെ തിരഞ്ഞ് മകൻ നൽകിയ പത്രപ്പരസ്യം ആരുടെയും മനസ് നിറയ്ക്കും.1980 കളിൽ ഗൾഫിലെത്തിയ പെരുമാതുറ മാടൻവിള സ്വദേശി അബ്ദുല്ല ജോലിയില്ലാതെ അലഞ്ഞപ്പോൾ കൊല്ലം സ്വദേശി ലൂയിസാണ് ദൈവദൂതനെ പോലെ അബ്ദുല്ലയുടെ മുന്നിലെത്തിയത്. അന്ന് അദ്ദേഹത്തിന്റെ സാമ്പത്തിക സഹായം കൊണ്ട് അബ്ദുല്ലയ്ക്ക് ക്വറിയിൽ ജോലി ലഭിച്ചു. ജോലിയുടെ തിരക്കിനിടയിൽ ലൂയിസുമായുള്ള ബന്ധം മുറിഞ്ഞു. ലൂയിസിനെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുല്ല മരിച്ചു. 22,000 രൂപയേ നൽകാനുളളൂവെങ്കിലും ബാപ്പയുടെ ആഗ്രഹമാണ് ആ കാശ് തിരികെ കൊടുക്കണമെന്നത്. ലൂയിസിനെയോ സഹോദരൻ ബേബിയെയോ കണ്ടെത്താനായി പത്രത്തിൽ പരസ്യം നൽകിയിരിക്കുകയാണ് നാസർ. ഫോൺ 7736662120.
•••••••••••••••••••••••••••••••••••••••••••••••••
•പ്രക്ഷോഭകരെ ഭയന്ന് രഹസ്യ കേന്ദ്രത്തിൽ അഭയം പ്രാപിച്ച കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് നടി കങ്കണ റണാവത്തും, ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദും. കാനഡയിലെ ഒട്ടാവയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കങ്കണ എഴുതി, “കർമ്മങ്ങൾ വീണ്ടും തിരിച്ചടിക്കുന്നു. 2020ലെ ഇന്ത്യയിലെ കർഷക സമരത്തെ പിന്തുണച്ച് ജസ്റ്റിൻ രംഗത്തെത്തിയത് സൂചിപ്പിച്ചാണ് കങ്കണയുടെ പ്രസ്താവന. ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദും ട്രൂഡോയെ പരിഹസിച്ച് രംഗത്തെത്തി. ‘അവർ അർഹിക്കുന്നത് അവർക്ക് ലഭിക്കുന്നു ‘ കനേഡിയൻ പ്രധാനമന്ത്രിയെ പരാമർശിച്ച് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.
• കോവിഡ് വൈറസ് മനുഷ്യ ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്നുണ്ട്. നമ്മുടെ ശ്വസന അവയവങ്ങളെ മാത്രമല്ല പുരുഷ പ്രത്യുത്പാദന വ്യവസ്ഥയെയും ഇത് ബാധിക്കാനുള്ള സാധ്യതയുമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച ശേഷം ബീജങ്ങളുടെ എണ്ണവും ചലനശേഷിയും കുറയുന്നതിന് കോവിഡ് അണുബാധ കാരണമായേക്കാമെന്നാണ് ഇപ്പോള്‍ ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത്. കോവിഡ് വാക്സിനേഷനുകള്‍ പുരുഷന്റെ പ്രത്യുത്പാദനക്ഷമതയെ ബാധിക്കുമെന്നും അതുവഴി ബീജങ്ങളുടെ എണ്ണം കുറയുമെന്നും സൂചിപ്പിക്കുന്ന വിവിധ റിപ്പോര്‍ട്ടുകളും ഗവേഷണങ്ങളും ഉണ്ട്. കൊറോണ വൈറസ് ബാധിച്ച് കുറച്ച് മാസങ്ങള്‍ക്ക് ശേഷം പുരുഷന്മാരില്‍ കുറഞ്ഞ ബീജ മരണനിരക്കും കുറഞ്ഞ ബീജങ്ങളുടെ എണ്ണവും കണ്ടെത്തി.
വാർത്തകൾ ഒറ്റ നോട്ടത്തിൽ എന്ന പക്തിയെ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
0 Comments