Latest Posts

മദ്യപിച്ച് വഴക്ക്; കൊല്ലത്ത് യുവാവിനെ പിതാവ് കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു

കൊല്ലം : മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കിയ മകനെ 66കാരനായ പിതാവ് കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് തെങ്ങുംവിള അൻസൽ മൻസിലിൽ ഷിബു (39) ആണ് മരിച്ചത്. 

ശനിയാഴ്ച വൈകീട്ട് ആറരയോട് കൂടിയായിരുന്നു സംഭവം. പിന്നാലെ പിതാവായ തെങ്ങുംവിള ബിജുഭവനത്തിൽ ഇബ്രാഹിംകുട്ടി (66) നെ ശൂരനാട് പോലീസ് കസ്റ്റിഡിയിലെടുത്തു. 

ബാംബൂ കർട്ടൻ തൊഴിലാളിയായ ഷിബു മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. പിതാവിനെയും ഭാര്യയെയും മക്കളെയും മുൻപും പലതവണ ഇയാൾ മർദിച്ചിരുന്നു. ഭാര്യയും മക്കളും ഇയാളുടെ മർദനം ഭയന്ന് മാറിത്താമസിക്കുകയായിരുന്നു. ശനിയാഴ്ചയും പതിവ് പോലെ മദ്യപിച്ച് വീട്ടിലെ സിറ്റൗട്ടിൽ കിടന്ന ഷിബുവിന്റെ തലയിൽ പിതാവ് പാറക്കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.

തൊഴിലുറപ്പ് ജോലിയ്ക്ക് ശേഷം വീട്ടിലെത്തിയ മാതാവ് മറിയംബീവിയാണ് മകൻ ചോര വാർന്ന് കിടക്കുന്നത് മറ്റുള്ളവരുടെ അടുത്ത് അറിയിക്കുകയും ചെയ്തത്. ബന്ധപ്പെട്ടവരിൽ നിന്ന് വിവരം ലഭിച്ച പോലീസ് സ്ഥലത്ത് എത്തി ഷിബുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. ഷിബുവിൻ്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 

മരിച്ച ഷിബുവിന് രണ്ട് മക്കളാണുള്ളത് അൻസൽ, അൽ അമീൻ. ഭാര്യ: സജീന.

0 Comments

Headline