കൊല്ലം : ചരിത്രപരമായി പീരങ്കി മൈതാനം സംരക്ഷിക്കപ്പേടേണ്ടതാണ്, റവന്യു ടവര്‍ നിര്‍മ്മിക്കാനുള്ള അധികൃതരുടെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പീരങ്കി മൈതാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ കൊല്ലം കോര്‍പ്പറേഷന്‍റെ അനുമതി കൂടാതെയാണെന്നും നഗരത്തിലെ തുറസ്സായി കിടക്കുന്ന ഈ മൈതാനം പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു.
സിപിഐ(എം) ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കൊല്ലം നഗരത്തിലെ തുറസ്സായി കിടക്കുന്ന ഈ മൈതാനം പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടുന്നതിന് അനിവാര്യമാണ്.
സാമൂഹ്യ-രാഷ്ട്രീയ-സാംസ്ക്കാരിക-വ്യാപാര-വാണിജ്യ-കാര്‍ഷിക പ്രദര്‍ശനങ്ങള്‍ക്കും മറ്റ് പൊതുപരിപാടികള്‍ക്കും ജില്ലാകേന്ദ്രത്തിലെ ഈ മൈതാനമാണ് പ്രധാനമായും ഉപയോഗിച്ച് വരുന്നത്.
ചരിത്രപരമായി ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള സ്ഥലമാണിത്. 1938 സെപ്റ്റംബര്‍ 2 ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ദേശാഭിമാനികള്‍ക്ക് നേരെ ബ്രട്ടീഷ് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 6 പേര്‍ ഇവിടെ രക്തസാക്ഷികളായി.
തുടര്‍ന്നാണ് പീരങ്കി മൈതാനം എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. 1915 ല്‍ പെരിനാട് കലാപത്തെ തുടര്‍ന്ന് സാമൂഹ്യപരഷ്ക്കര്‍ത്താക്കളായ മഹാത്മാ അയ്യങ്കാളിയും എന്‍എസ്എസ് പ്രസിഡന്‍റ് ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയും പങ്കെടുത്ത് നടത്തിയ ദളിത് സ്ത്രീകളുടെ മഹാസംഗമത്തില്‍ കല്ലുമാല പൊട്ടിച്ചെറിഞ്ഞ സാമൂഹ്യമുന്നേറ്റത്തിന്‍റെ അനശ്വര കേന്ദ്രവുമാണിത്.
നാഷണല്‍ ഹൈവേയുടെ വശം ചേര്‍ന്നുള്ളതും ലാല്‍ബഹദൂര്‍ സ്റ്റേഡിയം, ശ്രീനാരായണാ കോളേജ്, സി.കേശവന്‍ ടൗണ്‍ഹാള്‍ തുടങ്ങിയവയുടെ സമീപത്തുള്ള ഈ മൈതാനത്ത് ഒരുതരത്തിലുമുള്ള കെട്ടിട നിര്‍മ്മാണവും അനുവദിക്കാന്‍ പാടില്ല.
കൊല്ലം കോടതി സമുച്ഛയത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നതിനാല്‍ സിവില്‍ സ്റ്റേഷനില്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്ന 25 ലധികം മുറികള്‍ ഒഴിയുമെന്നിരിക്കെ പുതിയ റവന്യൂടവര്‍ നഗരകേന്ദ്രത്തില്‍ നിര്‍മ്മിക്കുന്നത് പ്രയോജനപ്രദമല്ല.
ഇക്കാര്യങ്ങള്‍ പരിശോധിക്കാതെയും ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്താതെയും നഗരകേന്ദ്രത്തിലെ പൊതുജനങ്ങളുടെ സഞ്ചാരത്തിനും കൂടിച്ചേരലിനും ആശ്രയമായ കന്‍റോണ്‍മെന്‍റ് മൈതാനം നിര്‍മ്മാണത്തിന് തെരഞ്ഞെടുത്തത് അനുചിതമാണ്. ആയതിനാല്‍ ബന്ധപ്പെട്ട റവന്യു അധികൃതരുടെ ഈ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതായി അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
0 Comments