banner

സംസ്ഥാനത്ത് ഞായറാഴ്‌ച നിയന്ത്രണം ലോക്ക്‌ഡൗണിന് സമാനമായി തുടരും; അടിയന്തര യാത്രകള്‍ക്ക് അനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്‌ച നിയന്ത്രണം ലോക്ക്‌ഡൗണിന് സമാനമായി തുടരും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ മൂന്ന് ആഴ്‌ചകളിലായി വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. അടിയന്തര ഘട്ടങ്ങളില്‍ യാത്രകള്‍ നടത്തുന്നവര്‍ കാരണം വ്യക്തമാക്കുന്ന രേഖ നിര്‍ബന്ധമായും കാണിക്കണം. ചികിത്സ, വാക്‌സിനേഷന്‍ എന്നിവയ്ക്കും യാത്രയാകാം.

രാവിലെ 7 മുതല്‍ രാത്രി 9 വരെ പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. ഹോട്ടലിലും ബേക്കറിയിലും പാഴ്‌സലും മാത്രമേ അനുവദിക്കൂ. സംസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞതായാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. അതിനാല്‍ വാരാന്ത്യ നിയന്ത്രണം അടുത്തയാഴ്‌ചയോടെ പിന്‍വലിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് ഉന്നതല യോഗമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

പുതിയ നിയന്ത്രണങ്ങളും ഇളവുകളും

• കൊവിഡുമായി ബന്ധപ്പെട്ട് അവശ്യ സര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സ്വയംഭരണ, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവ വകുപ്പ് തലവന്മാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ യാത്രക്കായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ കരുതണം.

• അടിയന്തരമായി പ്രവര്‍ത്തിക്കേണ്ട കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. ജീവനക്കാര്‍ക്ക് യാത്രക്കായി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഐടി മേഖലകള്‍ അവശ്യ ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കാം.

• രോഗികള്‍, കൂട്ടിരുപ്പുകാര്‍, വാക്‌സിനേഷനുമായി ബന്ധപ്പെട്ട വ്യക്തികള്‍ എന്നിവര്‍ക്ക് മതിയായ രേഖകളുടെ അടിസ്ഥാനത്തില്‍ ആശുപത്രികളിലേക്കും വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്കും യാത്ര അനുവദിക്കും.

• ദീര്‍ഘദൂര ബസ് യാത്രകള്‍, ട്രെയിന്‍, വിമാന സര്‍വീസുകള്‍ എന്നിവ അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ ബസ് ടെര്‍മിനലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് മതിയായ രേഖകളുമായി യാത്ര ചെയ്യാം.

• പഴം, പച്ചക്കറി, പാല്‍, മത്സ്യ-മാംസങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. റസ്‌റ്ററന്‍റുകളും ബേക്കറികളും രാവിലെ 7 മുതല്‍ രാത്രി 9 വരെ പാഴ്‌സല്‍ സംവിധാനത്തിനും ഹോം ഡെലിവറിക്കും മാത്രമായി തുറക്കാം.

• കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചുകൊണ്ടും 20 പേരായി പരിമിതപ്പെടുത്തിക്കൊണ്ടും വിവാഹ, മരണാനന്തര ചടങ്ങുകള്‍ അനുവദിക്കും.

• ഹോം ഡെലിവറി ചെയ്യുന്ന ഇ-കൊമേഴ്‌സ്, കൊറിയര്‍ സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം.

• സിഎന്‍ജി, ഐഎന്‍ജി, എല്‍പിജി എന്നിവയുടെ വിതരണം അനുവദിക്കും.

• മുന്‍കൂര്‍ ബുക്ക് ചെയ്‌ത സ്റ്റേ വൗച്ചറുകള്‍ സഹിതം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാവുന്നതും ഹോട്ടല്‍, റിസോര്‍ട്ട് എന്നിവിടങ്ങളില്‍ താമസിക്കാവുന്നതുമാണ്.

• മത്സരപരീക്ഷകള്‍ക്ക് അഡ്‌മിറ്റ് കാര്‍ഡുകള്‍, ഐഡന്‍റിറ്റി കാര്‍ഡുകള്‍, ഹാള്‍ടിക്കറ്റ് എന്നിവ ഉപയോഗിച്ച് ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷ ഉദ്യോഗസ്ഥര്‍ക്കും യാത്ര അനുവദിക്കും.

• ടോള്‍ ബൂത്തുകള്‍ പ്രവര്‍ത്തിപ്പിക്കാം. പ്രിന്‍റ്, ഇലക്ട്രോണിക്, വിഷ്വല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും.

• അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കുള്ള വര്‍ക്ക് ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

Post a Comment

0 Comments