banner

വാഹനത്തിന് 'വഴി നൽകിയില്ല', ഇതിൽ പ്രകോപിതനായ അയൽവാസി യുവാവിനെ വെടിവച്ചു

ഇടുക്കി : വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെത്തുടർന്ന് ഇടുക്കി ചിന്നക്കനാൽ സ്വദേശിയായ യുവാവിനെ അയൽവാസി എയർഗൺ ഉപയോഗിച്ച് വെടിവച്ചതായി കേസ്. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് വെടിയേറ്റത്. വെടിയുതിർത്ത കരിപ്പക്കാട്ട് ബിജു വർഗീസിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ മൈക്കിൾ രാജ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ശാന്തൻപാറ ബി.എൽ.റാവിൽ ഇന്നലെ വൈകിട്ടാണു സംഭവം. മൈക്കിൾ രാജിനും ബിജുവിനും ബിഎൽ റാമിൽ ഏലത്തോട്ടമുണ്ട്. ഇരുവരുടെയും തോട്ടത്തിലേക്ക് ഒരു വഴിയിലൂടെയാണു പോകുന്നത്. വൈകിട്ട് തോട്ടത്തിൽ നിന്നു ബിജുവും തോട്ടത്തിലേക്ക് മൈക്കിൾ രാജും വാഹനവുമായി എത്തി. 

തുടർന്ന് വാഹനത്തിനു സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ബിജു വാഹനത്തിനകത്തു സൂക്ഷിച്ചിരുന്ന എയർഗൺ എടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വയറിന് വെടിയേറ്റ മൈക്കിൾ രാജിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്കു മാറ്റി. വാഹനത്തിൽ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ബിജുവിനെ ശാന്തൻപാറ പൊലീസ് പിടികൂടി. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments