banner

യുവാവ് മറ്റൊരു സ്ത്രീയുമായി താമസം തുടങ്ങി; മക്കളെ വിട്ടുകിട്ടാൻ അമ്മ പുത്തൂർ സ്റ്റേഷനിലെത്തിയെങ്കിലും രാഷ്ട്രീയ ഇടപെടലിൽ മലക്കം മറിഞ്ഞു പോലീസ് അധികാരികൾ, ജീവിതയാത്രയിൽ സഹിക്കാവുന്നതെല്ലാം സഹിച്ച അഞ്ചാലുംമൂട് സ്വദേശിനി നീതിയ്ക്കായി അലയുന്നു.....

അഞ്ചാലുംമൂട് : പതിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് തേക്കേച്ചേരി, മേലെവിള വീട്ടിൽ മായയും ആലുവാ സ്വദേശിയായ മണിലാലും തമ്മിൽ ഒരുമിച്ച് ജീവിതം തുടങ്ങുന്നത്. ഈ ദാമ്പത്യത്തിൽ 10ഉം 12ഉം വയസ്സുള്ള രണ്ട് മക്കളും ഇവർക്കുണ്ട്. ഈ കഴിഞ്ഞ ഫെബ്രുവരി മാസം 3 - ആം തീയതി, മണിലാൽ മറനാട് സ്വദേശിനിയായ മറ്റൊരു യുവതിയുമായി താമസം തുടങ്ങി ഇതിന് പിന്നാലെയാണ് തൻ്റെ മക്കളെ വിട്ടുകിട്ടുന്നതിനായി പുത്തൂർ സ്റ്റേഷനിൽ മായ പരാതി നൽകുന്നത്.

ആദ്യഘട്ടത്തിൽ അമ്മയ്ക്ക് അനുകൂലമായിട്ടായിരുന്നു പുത്തൂർ സ്റ്റേഷനിൽ നിന്നുള്ള പ്രതികരണം. എന്നാൽ മണിലാലിനെ കണ്ടു പിടിച്ച് ചർച്ചയ്ക്കെത്തിച്ചെപ്പോഴെക്കും പൊലീസ് മണിലാലിനൊപ്പമായി. രാഷ്ട്രീയ ഇടപെടലാണ് പൊലീസിൻ്റെ പെട്ടെന്നുള്ള മനമാറ്റത്തിന് പിന്നില്ലെന്ന ആരോപണമാണ് മായ ഉന്നയിക്കുന്നത്.

ജീവിതയാത്രയിൽ സഹിക്കാവുന്നതെല്ലാം സഹിച്ച മായ, കുറേയേറെ നാൾ മണിലാലിൻ്റെ വ്യാജ കഥകൾ പ്രകാരം ഭ്രാന്താശുപത്രിയിലായിരുന്നു. ഒടുവിൽ മറ്റൊരാവശ്യത്തിനായി ഇരുവരും താമസിച്ചിരുന്ന ആലുവയിലെ വീട്ടിലെത്തിയ മായയുടെ സഹോദരനാണ് ഇവിടെ നിന്ന് യുവതിയെ രക്ഷപ്പെടുത്തുന്നതും നാട്ടിൽ കൊണ്ട് വരുന്നതും.

"ശരീരത്ത് മുഴുവർ സിഗററ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ച പാടാണ് സാറെ, ഗർഭിണി ആയിരുന്നപ്പോൾ പോലും ഗുരുതരമായി മർദിച്ചു, പല തവണ ജീവിതം അവസാനിപ്പിക്കാമെന്ന് കരുതിയതാണ്, മക്കളെ ഓർത്ത് അത് ചെയ്തില്ല, ഇപ്പോൾ അവരെ എനിക്ക് കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണ്, എനിക്ക് രാഷ്ട്രീയ പിടിപാടുകളില്ല, ജീവിതം മനസ്സിലാക്കി വരുന്നതേയുള്ളു, എനിക്ക് എൻ്റെ മക്കളെ കിട്ടണം, സാറെ" - മായ പറയുന്നു. ഇങ്ങനെയുള്ള ഒരാളുടെ കൂടെ എങ്ങനെയാണ് എൻ്റെ മക്കൾ സുരക്ഷിതമായി കഴിയുക എന്ന ആശങ്കയും എനിക്കുണ്ട് - മായ വ്യക്തമാക്കി.

ഈ അമ്മയുടെ കണ്ണുനീർ കലർന്ന പരാതി ചൈൽഡ് വെൽഫയർ കമ്മിറ്റിയിലെത്തിയതായാണ് വിവരം. മറ്റു നടപടികൾ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മായയുടെ ജീവിതം.

Post a Comment

0 Comments