banner

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; അതിർത്തിയിൽ മലയാളി വിദ്യാർത്ഥികളെ യുക്രെയ്ൻ സൈന്യം ആക്രമിച്ചതായി റിപ്പോർട്ട്

കീവ് : യുക്രൈനില്‍ നിന്നും പോളണ്ട് അതിര്‍ത്തി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍. യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോളണ്ട് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാവുന്നു എന്ന് റിപ്പോര്‍ട്ട്. പോളണ്ട് അതിര്‍ത്തിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ യുക്രൈന്‍ സൈന്യം തടഞ്ഞതായി റിപ്പോര്‍ട്ട്.

യുക്രൈന്‍ സൈനികര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ആകാശത്തേക്ക് വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പോളണ്ടുകാര്‍ അല്ലാത്തവര്‍ക്ക് എതിരെ ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെ ഉണ്ടായതായും ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കിലോമീറ്ററുകളോളം നടന്ന് അതിര്‍ത്തിയിലെത്തുമ്പോള്‍ കടക്കാന്‍ അനുവദിക്കുന്നില്ല. തിരികെ പോകാനാവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നു. അതിര്‍ത്തിയിലേക്കുള്ള വഴിയില്‍ വെച്ച് ആക്രമിച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആകാശത്തേക്ക് വെടി വെച്ചു. കൂട്ടം കൂടി നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് വാഹനം കയറ്റാന്‍ ശ്രമിച്ച് തടയുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടു. യുക്രൈനിലേക്ക് മടങ്ങിപ്പോകാനാവശ്യപ്പെട്ടാണ് സൈന്യത്തിന്റെ ഈ നടപടികള്‍. ഭക്ഷണവും വെള്ളവുമില്ലാതെ കൊടും തണുപ്പില്‍ അതിര്‍ത്തി കടക്കാനെത്തുന്നവരോടാണ് ഈ ക്രൂരത. മര്‍ദ്ദനത്തില്‍ പെണ്‍കുട്ടികള്‍ക്ക് അടക്കം പരിക്കേറ്റു. ഫീല്‍ഡ് വച്ച് തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു വിദ്യാര്‍ത്ഥിയുടെ കൈ ഒടിഞ്ഞു.

പോളണ്ട് അതിര്‍ത്തിയില്‍ യുക്രൈന്‍ സൈന്യം വിദേശികളെയാണ് തടയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇത്തരത്തില്‍ പോളണ്ട് അതിര്‍ത്തിയില്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്ന യുക്രൈന്‍ പൗരന്‍മാരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സൈന്യം അതിര്‍ത്തികടക്കാന്‍ അനുവദിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പുരുഷന്‍മാരെ കടത്തിവിടുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Post a Comment

0 Comments