Latest Posts

വെന്റിലേറ്ററിൽ കഴിയുന്ന രണ്ടു വയസ്സുകാരി ഗുരുതരാവസ്ഥയിൽ; തലയ്ക്കും മുഖത്തിനും ഗുരുതരമായ പരിക്കുകൾ, അമ്മയുടെയും മുത്തശ്ശിയുടെയും മൊഴികൾ തമ്മിൽ വൈരുദ്ധ്യം

എറണാകുളം : തൃക്കാക്കരയില്‍ ക്രൂരമർദ്ദനത്തിനിരയായി പരിക്കേറ്റ രണ്ട് വയസുകാരി ഗുരുതരാവസ്ഥയിൽ. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിലാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് രണ്ട് വയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.

ഡോക്ടർമാരുടെ പരിശോധനയിൽ തലയ്ക്കും മുഖത്തും സാരമായ പരിക്കുള്ളതായി വ്യക്തമായി. പിന്നീട് കുഞ്ഞിനെ കൊണ്ടു വന്ന അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ ആരാഞ്ഞപ്പോൾ അമ്മയും അമ്മൂമ്മയും പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്.

ഹൈപ്പർ ആക്ടീവായ കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നൽകിയ മൊഴി എന്നാൽ കുഞ്ഞിനെ മർദ്ദിച്ചതാണെന്ന് അമ്മൂമ്മ പറഞ്ഞു. ഇതോടെ ആശുപത്രി അധികൃതർ തൃക്കാക്കര പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്ത് എത്തി അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തി.

രണ്ടാനാച്ഛനാണ് കുഞ്ഞിനെ മർദ്ദിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൃക്കാക്കരയ്ക്ക് അടുത്ത് തെങ്ങോലയിലെ കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് അയൽവാസികളുടെ മൊഴിയെടുത്തു. കുട്ടിയുടെ മാതാവ് ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണെന്നാണ് പൊലീസ് പറയുന്നു.

കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. കുട്ടിക്ക് സാരമായി പരിക്കുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തന്നെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും ഡോക്ടർമാർ പറയുന്നു.

പഴംതോട്ടം ആശുപത്രിയിലാണ് കുട്ടിയെ ആദ്യം കൊണ്ടു വന്നത്. അവിടെ നിന്നും ആണ് പിന്നീട് കോലഞ്ചേരിയിലേക്ക് കൊണ്ടു വന്നത്. കുട്ടിയുടെ മുഖത്ത് നല്ല പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നു.

കഴിഞ്ഞ രാത്രിയിൽ മാത്രമല്ല കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്നുമാണ് ഡോക്ടർമാരുടെ നിഗമനം. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്. കുട്ടി സ്വയം ഏൽപ്പിച്ച പരിക്കാണ് എന്നാണ് അമ്മ നൽകുന്ന മൊഴി. കുന്തിരക്കം കത്തിച്ചപ്പോൾ പൊള്ളിയെന്നാണ് അവർ പറയുന്നത്.

0 Comments

Headline