banner

വിറക് ശേഖരിക്കാൻ പോയ യുവതിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം.

പുൽപ്പള്ളി : വിറക് ശേഖരിക്കാൻ പോയ യുവതിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. മൂഴിമല പുതിയിടം നായ്ക്ക കോളനിയിലെ മാസ്തി – ബൈരി ദമ്പതികളുടെ മകൾ ബസവി ( ശാന്ത – 49 ) ആണ് മരണപ്പെട്ടത്. 

വനത്തിൽ വിറക് ശേഖരിക്കുവാൻ പോയതായിരുന്നു  ശാന്തയും സംഘവും ഇവർക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടാകുകയായിരുന്നു.

ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റു നാലു പേർ ഓടി രക്ഷപ്പെട്ടു . ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം . വീടിന് തൊട്ടടുത്ത നെയ്ക്കുപ്പ വനത്തിൽ ഇവർ വിറക് ശേഖരിക്കാൻ പോയതായിരുന്നു. 

വനാതിർത്തിയിലുണ്ടായിരുന്ന ഒറ്റയാന്റെ മുൻപിൽ ഇവർ പെടുകയായിരുന്നു. ആനയിൽ നിന്നും രക്ഷപ്പെടുവാൻ ഓടിയെങ്കിലും ശാന്ത വീണു പോയി. രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടയിൽ ആന ഇവരെ പിടികൂടി. സംഭവസ്ഥലത്തുതന്നെ ശാന്ത മരണപ്പെട്ടു. 

മൃതദേഹത്തിന് സമീപം ഏറെനേരം നിലയുറപ്പിച്ച ഒറ്റയാനെ കോളനിവാസികൾ ചേർന്ന് ശബ്ദമുണ്ടാക്കി പിന്മാറുകയായിരുന്നു. 

വനംവകുപ്പ് പുൽപ്പള്ളി റേഞ്ചർ അബ്ദുൾ സമദ്, ഡെ. റേഞ്ചർ ഇക്ബാൽ, സെക്ഷൻ ഫോറസ്റ്റർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ബൈരൻ, ചന്ദ്രൻ , കൂമൻ , ഷീബ, മാളു, അമ്മിണി എന്നിവർ സഹോദരരാണ്.

إرسال تعليق

0 تعليقات