banner

മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങി യുവാവ്; ഇടപെട്ട് മുഖ്യമന്ത്രി, രക്ഷിക്കാൻ സൈന്യമെത്തുന്നു

പാലക്കാട് : മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടി. കരസേനയുടെ ദക്ഷിൺ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബംഗളൂരുവിൽ നിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിൺ ഭാരത് ഏരിയ ലഫ്. ജനറൽ അരുൺ മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു. പർവ്വതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ സംഘം റോഡ് മാർഗമാണ് പുറപ്പെടുന്നത്. രാത്രി ഹെലികോപ്റ്റർ യാത്ര അസാധ്യമായതിനാലാണിത്. രക്ഷാ പ്രവർത്തനത്തിനായി കോഴിക്കോട് നിന്നും പർവതാരോഹക സംഘം എത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.

26 മണിക്കൂറിലധികമായി യുവാവ് മലയിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് മലമ്പുഴ സ്വദേശിയായ ബാബു കുടുങ്ങിയത്. ഹെലികോപ്ടർ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സർക്കാർ കരസേനയുടെ സഹായം തേടിയത്. ബാബുവിനെ താഴെയെത്തിയ്‌ക്കാനായി പല സാദ്ധ്യതകളും തേടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. പർവ്വതാരോഹകരുടെ സംഘം ഉടൻ പ്രദേശത്തെത്തും. വെളിച്ചം മങ്ങുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഉച്ചക്ക് കൊച്ചിയിൽ നിന്നെത്തിയ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്ടറിന് യുവാവുള്ള സ്ഥലത്ത് ഇറങ്ങാൻ സാധിച്ചില്ല. ചെങ്കുത്തായ പാറയുടെ ഇടുക്കിലാണ് യുവാവ് ഉള്ളതാണ് കാരണം. അതേസമയം, കോഴിക്കോട് നിന്നുള്ള വിദഗ്ധ പർവതാരോഹക സംഘം ഉടനെ ഇവിടെയെത്തും. ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന. 

മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബു (23) ആണ് കഴിഞ്ഞ 24 മണിക്കൂറിലധികമായി ഇവിടെ കുടുങ്ങി കിടക്കുന്നത്. അഗ്‌നിരക്ഷാ സേനയും മലമ്പുഴ പോലീസും ബാബുവിനെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. തൃശൂരില്‍ നിന്നും എന്‍ ഡി ആര്‍ എഫ് സംഘവും പുറപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും ബാബു കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്കു പോയിട്ടുണ്ട്. വീഴ്ചയില്‍ ബാബുവിന്റെ കാലിനു പരുക്കുണ്ട്. 

കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ബാബു, താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്തു സുഹൃത്തുക്കള്‍ക്കും പോലീസിനും അയച്ചു കൊടുത്തിട്ടുണ്ട്. എന്നാൽ വൈകുന്നേരത്തോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. അതേസമയം, രാത്രി മൊബൈൽ ഫ്ലാഷ് ലൈറ്റ് യുവാവ് തെളിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തു വന്യ മൃഗശല്യവും രൂക്ഷമാണ്. 

Post a Comment

0 Comments