Latest Posts

കൊല്ലത്ത് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ജോലിക്കെത്തിയ 15 അധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടതായി പരാതി

കൊല്ലത്ത് കടയ്ക്കലിലെ ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടതായി പരാതി. സമരാനുകൂലികളാണ് അധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടത്.

തങ്ങള്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തിയെന്നും പി.ടി.എ പ്രസിഡന്റും സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ എസ്. ഷിബുലാലിന്റെ നേതൃത്വത്തിലാണ് പൂട്ടിയിട്ടതെന്നും അധ്യാപകര്‍ പറഞ്ഞു.

വൈകീട്ട് പുറത്തിറങ്ങുമ്പോള്‍ കാണിച്ചുതരാമെന്ന് ഷിബുലാല്‍ ഭീഷണിപ്പെടുത്തിയെന്നും അധ്യാപകര്‍ പറയുന്നു. രജിസ്റ്ററില്‍ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് പ്രതിഷേധക്കാര്‍ എത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകര്‍ ആരോപിച്ചു.

സ്‌കൂളില്‍ അതിക്രമിച്ച് കയറിയതിനും ബഹളം വെച്ചതിനും പ്രതിഷേധക്കാര്‍ക്കെതിരെ ചിതറ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് ഹൈക്കോടതി കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകര്‍ സ്‌കൂളിലെത്തിയത്.

രണ്ട് ദിവസങ്ങളിലായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു കോടതി പറഞ്ഞത്.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, ഇത് സംബന്ധിച്ച ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കാനും കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിക്കാതിരുന്ന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്.

0 Comments

Headline