അംബികപൂര്‍ സംസ്ഥാനത്താണ് പ്രസ്തുത സംഭവം നടന്നത്. അംദാല ഗ്രാമത്തിലെ ഈശ്വര്‍ ദാസ് ആണ് മകളുടെ മൃതദേഹം ചുമന്നു നടന്നത്. വെള്ളിയാഴ്ച്ച രാവിലെ ലിഖന്‍പൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വച്ചാണ് ഈശ്വര്‍ ദാസിന്റെ മകള്‍ സുരേഖ മരണപ്പെടുന്നത്. കടുത്ത പനിയെ തുടര്‍ന്നാണ് സുരേഖയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. കുട്ടിയുടെ ആരോഗ്യസ്ഥിതി അപ്പോള്‍ തീരെ മോശമായിരുന്നുവെന്നും ഓക്‌സിജന്‍ ലെവല്‍ വളരെ താഴ്ന്ന അവസ്ഥയിലായിരുന്നുവെന്നുമാണ്, ഈ സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച ആശുപത്രിയധികൃതര്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിക്ക് കടുത്ത പനിയുണ്ടായിരുന്നു.
ആശുപത്രിയില്‍ എത്തിച്ചശേഷം ഉടനടിയുള്ള ചികിത്സയ്ക്ക് കുട്ടിയെ വിധേയയാക്കിയെങ്കിലും വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെ മരണപ്പെടുകയാണുണ്ടായതെന്നും ആശുപത്രിയധികൃതര്‍ പറയുന്നു.
കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ വാഹനം ഏര്‍പ്പാടാക്കാമെന്ന് മതാപിതാക്കളോട് പറഞ്ഞിരുന്നതാണ്. രാവിലെ 9.20 ഓടെ വാഹനം എത്തുകയും ചെയ്തു. എന്നാല്‍ അതിനു മുമ്പേ മൃതദേഹവുമായി മാതാപിതാക്കള്‍ പോവുകയാണുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം.
ഏകദേശം പത്തു കിലോമീറ്ററാണ് ഈശ്വര്‍ ദാസ് മകളുടെ മൃതദേഹം ചുമലിലേറ്റി നടന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുന്നത്. ഉടന്‍ തന്നെ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ക്ക് നിര്‍ദേശവും നല്‍കി. വീഡിയോ ഞെട്ടിക്കുന്നതായിരുന്നുവെന്നും സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസറോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് ആരോഗ്യമന്ത്രി ടി എസ് സിംഗ് ദിയോ പ്രതികരിച്ചത്.
വാഹനം വരുന്നതുവരെ കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ തന്നെ നിര്‍ത്താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരുന്നുവെന്നും ഇത്തരം നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടാകാതെ നോക്കേണ്ട ബാധ്യത അവര്‍ക്കുണ്ടായിരുന്നുവെന്നുമാണ് സംഭവത്തില്‍ മന്ത്രിയുടെ നിലപാട്.
0 Comments