ചണ്ഡിഗഢ് : പഞ്ചാബില്‍ ഇനി മുന്‍ എംഎല്‍എമാര്‍ക്ക് ഒരു ടേമിനു മാത്രമേ പെന്‍ഷന്‍ നല്‍കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. എംഎല്‍എ ആയിരുന്ന ഓരോ ടേമിനും പെന്‍ഷന്‍ നല്‍കുന്ന പതിവ് അവസാനിപ്പിക്കുകയാണെന്ന് മാന്‍ അറിയിച്ചു.
മുന്‍ എംഎല്‍എമാര്‍ക്ക്, അവര്‍ രണ്ടു തവണയോ അഞ്ചു തവണയോ പത്തു തവണയോ ജയിച്ചവര്‍ ആയാലും, ഒരു തവണത്തേക്കു മാത്രമേ പെന്‍ഷന്‍ നല്‍കൂ. പല തവണ എംഎല്‍എമായിരുന്ന പലരും പിന്നീട് എംപിമാരായി അതിനൊപ്പം എംഎല്‍എ പെന്‍ഷന്‍ കൂടി വാങ്ങുന്നുണ്ട്. ഇത് അവസാനിപ്പിക്കുകയാണെന്ന് മാന്‍ വ്യക്തമാക്കി.
പലവട്ടം എംഎല്‍എമാരായിരുന്നവര്‍ പിന്നീട് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയോ മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാതിരിക്കുകയോ ചെയ്യുമ്പോഴും പെന്‍ഷന്‍ ഇനത്തില്‍ അവര്‍ക്കു വന്‍ തുക കിട്ടുന്നുണ്ട്. ചിലര്‍ക്ക് മൂന്നര ലക്ഷവും ചിലര്‍ക്ക് നാലര ലക്ഷവും പെന്‍ഷന്‍ കിട്ടുന്നുണ്ട്. ഇതു വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഈ പണം ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
75,000 രൂപയാണ് ഒരു തവണ എംഎല്‍എ ആയിരുന്നയാള്‍ക്ക് പഞ്ചാബില്‍ പെന്‍ഷന്‍ ലഭിക്കുന്നത്. പിന്നീടുള്ള ഓരോ തവണയ്ക്കും 66 ശതമാനം തുക അധികം ലഭിക്കുന്നതാണ് നിലവിലെ രീതി.
0 Comments