banner

ബസ്സിന് മിനിമം ചാർജ് 10 രൂപ; ഓട്ടോ, ടാക്‌സി നിരക്കുകളും വർധിപ്പിച്ചു; രാത്രികാല യാത്ര പഴയപടി

തിരുവനന്തപുരം : സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിച്ചു. ബസ്സിന് മിനിമം ചാർജ് എട്ടുരൂപയിൽ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക് മിനിമം ചാർജ് 25 രൂപയായിരുന്നത് 30 രൂപയാക്കിയുമാണ് വർധിപ്പിച്ചത്.

ബസുകൾക്ക് മിനിമം ചാർജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപവെച്ച് വർധിക്കും. നേരത്തെ ഇത് 90 പൈസയായിരുന്നു.

ഓട്ടോ മിനിമം ചാർജ് നേരത്തെ ഒന്നര കിലോമീറ്ററിന് 25 രൂപയായിരുന്നു. ഇതാണ് രണ്ട് കിലോമീറ്ററിന് 30 രൂപയാക്കി വർധിപ്പിച്ചത്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയാക്കി. ഇത് നേരത്തെ 12 രൂപയായിരുന്നു.

ക്വാഡ്രിഡ് സൈക്കിളിന് നിലവിലെ നിരക്ക് ഒന്നര കിലോമീറ്റർ മിനിമം ചാർജ് 30 രൂപയായിരുന്നു. ഇത് രണ്ട് കിലോമീറ്ററിന് 35 രൂപയാക്കാനും തീരുമാനിച്ചു. അധികം വരുന്ന കിലോമീറ്ററിന് നിലവിലുള്ള 12 രൂപയിൽ നിന്ന് 15 രൂപയാക്കുകയും ചെയ്തു.

1500 സിസിക്ക് താഴെയുള്ള ടാക്സി കാറുകൾക്ക് മിനിമം ചാർജ് അഞ്ചു കിലോമീറ്റർ വരെ 200 രൂപയാക്കി ഉയർത്തി. നേരത്തെ 175 രൂപയായിരുന്നു. അധികം വരുന്ന കിലോമീറ്ററിന് 15 രൂപയിൽ നിന്ന് 18 രൂപയാക്കി.

1500 സിസിക്ക് മുകളിലുള്ള ടാക്സി കാറുകൾക്ക് അഞ്ചുകിലോമീറ്റർ മിനിമം ചാർജ് 200-ൽ നിന്ന് 225 രൂപയാക്കി ഉയർത്തി. അധികംവരുന്ന ഓരോ കിലോമീറ്ററിനും നിലവിൽ 17 രൂപ എന്നുള്ളത് 20 രൂപയാക്കുകയും ചെയ്തു.

വെയ്റ്റിങ് ചാർജ് രാത്രികാല യാത്ര എന്നിവയുടെ നിരക്കിൽ മാറ്റമില്ല. നിലവിലുള്ളത് പോലെ തുടരുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ നിരക്ക് വർധനവ് പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥികളുടെ കൺസെഷൻ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിരക്കു വർധനവിന് എൽഡിഎഫ് യോഗം അനുമതി നൽകിയതിന് പിന്നാലെയാണ് മന്ത്രി ആന്റണി രാജു വർധനവ് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമാണ്. എന്നാൽ അത് സംബന്ധിച്ച് ഒരു കമ്മീഷനെ വെച്ച് പഠിക്കേണ്ടത് ആവശ്യമാണെന്നും ഇതിന് ശേഷം തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

0 Comments