banner

ബൈക്കിനുള്ളില്‍ ഒളിച്ച മൂര്‍ഖന്‍ പാമ്പിനെ പിടികൂടാൻ ഒടുവില്‍ വാവ സുരേഷ് എത്തി; കാത്തിരുന്നത് അഞ്ചു മണിക്കൂര്‍

ആലപ്പുഴ : ബൈക്കിനുള്ളില്‍ ഒളിച്ച പാമ്പിനെ പിടികൂടി വാവ സുരേഷ്. ചാരുമൂട്  ശാരദാസ് ടെക്സ്റ്റയില്‍സ് ഉടമ മുകേഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 

മകന്‍ അഖില്‍ ജിമ്മില്‍ പോകുവാനായി ബുളളറ്റിലേക്ക് കയറുമ്പോളാണ് തറയില്‍ കിടന്നിരുന്ന പാമ്പിനെ ശ്രദ്ധയില്‍പ്പെടുന്നത്.

ബൈക്കില്‍ നിന്ന് ചാടിയിറങ്ങിയ അഖില്‍ തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. തുടര്‍ന്ന് പാമ്പ് മറ്റൊരു ബൈക്കിനുള്ളിലേക്ക് ഇഴഞ്ഞ് നീങ്ങി. ഈ ബൈക്ക് കവറ് കൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരും വീട്ടുകരും വിവരമറിഞ്ഞ് എത്തി.

വാവ സുരേഷിനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടി. വൈകുന്നേരം മൂന്നര മുതലുള്ള കാത്തിരിപ്പിന് വിരാമമിട്ട് രാത്രി 8.30ഓടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവറ് നീക്കിയതോടെ ഹാന്റിലിനടിയില്‍ ചുറ്റി കിടക്കുകയായിരുന്നു പാമ്പ്.

ഉടന്‍ തന്നെ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് ടിന്നിലാക്കി. പിടികൂടിയ പാമ്പ് രണ്ടു വയസ് മാത്രമുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ട ശേഷം പുറത്തുപോയി ആദ്യമാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു.

Post a Comment

0 Comments