സംഘടനാ തിരഞ്ഞെടുപ്പിന്റെ അംഗത്വ പ്രചാരണം ഈ മാസം പൂർത്തിയാക്കേണ്ടതുണ്ട്. അതിനു മുൻപു പുനഃസംഘടന നടത്തും. അല്ലാത്ത പക്ഷം പുനഃസംഘടനാ പ്രക്രിയ ഉപേക്ഷിക്കേണ്ടി വരും. ഇത് സുധാകരൻ അംഗീകരിക്കില്ല. സമവായത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തും. ഇരുവരും ഇന്നലെ ഫോണിൽ ബന്ധപ്പെട്ടു. പുനഃസംഘടനയാണ് ഉദ്ദേശ്യമെങ്കിൽ പാർട്ടിയിൽ അവിശ്വാസവും അകലവും വർധിപ്പിക്കാതെ അതു പൂർത്തിയാക്കും. എയും ഐയും ഇക്കാര്യത്തിൽ സുധാകരനൊപ്പമാണ്. ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും അന്തിമ പട്ടിക പുറത്തിറക്കുന്നതിനു മുൻപ് എല്ലാ പ്രധാന നേതാക്കളേയും കാണിച്ചേക്കും.
കെസി വേണുഗോപാൽ പരസ്യമായി പ്രശ്‌നങ്ങളോട് പ്രതികരിച്ചിട്ടില്ല. കെസി ഇടഞ്ഞു നിന്നാൽ പുനഃസംഘടന പൊളിയും. ഇത് കേരളത്തിലെ കോൺഗ്രസിൽ കലാപമാകാനും സാധ്യതയുണ്ട്. അങ്ങെനെ ഒരു സാഹചര്യം എയും ഐയും മുൻകൂട്ടി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ പരമാവധി കരുതലുകൾ അവർ എടുക്കുന്നു. കെ മുരളീധരനെ മുന്നിൽ നിർത്തി ഐ ഗ്രൂപ്പ് ശക്തിപ്പെടുത്താനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. സുധാകരനും വേണുഗോപാലും തമ്മിലെ ഭിന്നത പരമാവധി അവർ വിനിയോഗിക്കും.
പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം വന്നെങ്കിലും, മുന്നോട്ടെന്ന നിലപാടാണു സുധാകരന്റേത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോൾ ആറുമാസംകൊണ്ടു പുനഃസംഘടനയെന്നായിരുന്നു സുധാകരന്റെ പ്രഖ്യാപനം. ഗ്രൂപ്പ് താൽപര്യങ്ങളുടെയും പാരവയ്പിന്റെയും പേരിൽ പല പ്രതിസന്ധികളുണ്ടായെങ്കിലും അന്തിമഘട്ടത്തിലെത്തിച്ചു. ഇനി പിന്നോട്ടു പോകില്ല. എന്തുവന്നാലും പുനഃസംഘടന നടത്തണമെന്നാണ് സുധാകരന്റെ നിലപാട്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സുധാകരന് പിന്തുണയുമായുണ്ട്. വിഡി സതീശനും കേസി വേണുഗോപാലുമാണ് പുനഃസംഘടനയെ എതിർക്കുന്നത്.
പുനഃസംഘടനയിൽ കെപിസിസി ഓഫിസിൽ ഇന്നലെയും ചർച്ചകൾ തുടർന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ നേതാക്കൾ സജീവമായിരുന്നു. ഹൈക്കമാൻഡിനെ ധിക്കരിക്കേണ്ടെന്നും വലിയ പരാതികളില്ലാതെ പട്ടിക പുറത്തിറക്കണമെന്നുമുള്ള ധാരണയാണു ആസ്ഥാനത്തു രൂപപ്പെട്ടത്. കെപിസിസി നേതൃത്വത്തെ പൂർണ വിശ്വാസത്തിലെടുക്കുന്നുവെന്ന വികാരമാണ് 'ഐ' ഗ്രൂപ്പ് അറിയിച്ചത്. ഡിസിസി ഭാരവാഹിത്വത്തിൽനിന്നു തള്ളപ്പെടുന്നവരെ എക്‌സിക്യൂട്ടീവിൽ എടുക്കണമെന്ന നിർദ്ദേശം 'ഐ' ഗ്രൂപ്പ് വച്ചിരുന്നു. ആ നിലയ്ക്കാണു ഗ്രൂപ്പ് പട്ടിക കൊടുത്തത്. എന്നാൽ എക്‌സിക്യൂട്ടീവ് ഈ ഘട്ടത്തിൽ ഉണ്ടാകില്ല.
അതിനിടെ കോൺഗ്രസിൽ രമേശ് ചെന്നിത്തലയും കെ.മുരളീധരനും വീണ്ടും ഒന്നിക്കുകയാണ്. വി.ഡി.സതീശനും കെ.സുധാകരനും അടങ്ങുന്ന പുതിയ നേതൃത്വം വന്നതോടെ അവർക്കൊപ്പമാണ് മുരളി നിലയുറപ്പിച്ചിരുന്നത്. എന്നാൽ വിഡിയും കെസിയും ചേർന്ന് അട്ടിമറികൾ നടത്തുന്നതിൽ മുരളിക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് മുരളീധരൻ നിലപാടിൽ മാറ്റം വരുത്തുന്നത്. കരുണാകരന്റെ അനുയായികളെല്ലാം ഒരുമിച്ചു നിൽക്കുക എന്ന ആശയമാണ് ഇരു നേതാക്കളും മുന്നോട്ടു വയ്ക്കുന്നത്. അങ്ങനെപഴയ ഐ വിഭാഗത്തെ പഴയതു പോലെ വീണ്ടും ശക്തിപ്പെടുത്തുകയാണു ലക്ഷ്യം.
പുതിയ നേതൃത്വവുമായി ആദ്യം സഹകരിച്ചെങ്കിലും അർഹമായ പരിഗണന അവർ നൽകുന്നില്ലെന്ന അതൃപ്തിയിലായിരുന്നു മുരളി. ഗ്രൂപ്പിനു സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്ന ചെന്നിത്തല മുരളിയുമായി സംസാരിച്ചു. തൃശൂരിൽ കഴിഞ്ഞ ദിവസം വി.ബാലറാം പുരസ്‌കാരം ചെന്നിത്തലയിൽ നിന്നാണ് മുരളി ഏറ്റു വാങ്ങിയത്. വിഡിയും കെസിയും ഒരുമിച്ച് പുതിയ 'കെഡി ഗ്രൂപ്പ്' കോൺഗ്രസിൽ രൂപം കൊണ്ടിട്ടുണ്ട്. അതിനിടെയാണ് മുരളി ഐ ഗ്രൂപ്പിലേക്ക് മടങ്ങുന്നത്. സുധാകരനുമായി ചേർന്നാകും പ്രവർത്തനം.
0 Comments