banner

യുക്രൈനിലെ അമ്മമാർക്കായി ഫുഡ്ബോൾ ഇതിഹാസത്തിൻ്റെ കൈത്താങ്ങ്; ഡേവിഡ് ബെക്കാം കൈമാറിയത് ഏഴ് കോടി ഫോളോവേഴ്സുള്ള തൻ്റെ ഇൻസ്റ്റ അക്കൗണ്ട്; കൈയ്യടിച്ച് ആരാധകർ

ലണ്ടൻ : റഷ്യൻ അധിനിവേശത്തിൽ തകർന്ന യുക്രൈനിലെ അമ്മമാരുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി തന്റെ ഇസ്റ്റ ഗ്രാം അക്കൗണ്ട് കൈമാറി മുൻ ഇം ഗ്ലണ്ട് ഫുട്ബോൾ നായകൻ ഡേവിഡ് ബെക്കാം. 71.4 ദശലക്ഷം (ഏഴ് കോടി) ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് യുക്രൈനിലെ ഖാർക്കീവിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഡോക്ടറായ ഇറിനയ്ക്ക് ബെക്കാം കൈമാറിയത്. 

റഷ്യൻ അധിനിവേശം നാശം വിതച്ച യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകീവിലെ റീജ്യനൽ പെരിനേറ്റൽ‌ സെന്ററിന്റെ മേധാവിയാണു ഡോക്ടർ ഇറിന. ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഖാർകീവിലെ നഗരവാസികളിൽ പലരും ഭൂഗർഭ ട്രെയിൻ സ്റ്റേഷനുകളിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്.ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അക്കൗണ്ട് കൈമാറ്റത്തിന്റെ കാര്യം ബെക്കാം ആരാധകരെ അറിയിച്ചത്.

‘എന്റെ സമൂഹ മാധ്യമ ചാനലുകൾ ഡോക്ടർ ഇറിനയ്ക്കു കൈമാറുകയാണ്. യുക്രൈനിലെ അമ്മമാർക്കു പ്രസവ സംബന്ധ സഹായം നൽകുകയാണ് ഇറിന. യുക്രൈനിലെ ജനങ്ങൾക്കായുള്ള ഇരിനയുടെ സന്നദ്ധ സേവനങ്ങളെപ്പറ്റി കൂടുതൽ അറിയുന്നതിന് എന്റെ ചാനലുകൾ തുടർന്നും ഫോളോ ചെയ്യുക. യുനിസെഫിനും ഡോക്ടർ ഇറിനയ്ക്കും നിങ്ങളാൽ കഴിയുംവിധമുള്ള സഹായങ്ങൾ എത്തിച്ചു നൽകാൻ ശ്രമിക്കുക’- ബെക്കാം വ്യക്തമാക്കി. 

വീഡിയോ പങ്കുവച്ചതിനു പിന്നാലെ ബെക്കാമിനു നന്ദി അറിയിച്ച് യുനിസെഫും രംഗത്തെത്തി. 2005 മുതൽ യുനിസെഫിന്റെ ഗുൽവിൽ അംബാസഡറാണ് ബെക്കാം. റഷ്യയുടെ യുക്രൈൻ അധിനിവേശം ഇപ്പോഴും തുടരുകയാണ്. ആക്രമണങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. 30 ലക്ഷത്തിൽ അധികം പേർക്ക് വീടും വാസസ്ഥലവും നഷ്ടമായി.

إرسال تعليق

0 تعليقات