banner

കൊല്ലം ബൈപ്പാസിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; അപകടങ്ങൾ തുടർക്കഥയാകുന്നു; ബൈപ്പാസിൽ ക്യാമറ എന്ന് വരും അധികാരികളെ?; രക്തസാക്ഷികളെ കാത്ത് ബൈപ്പാസ്!!!


കൊല്ലം : കൊല്ലം ബൈപ്പാസിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. കല്ലുംതാഴത്താണ് അപകടം നടന്നത്. അപകടത്തിൽ ലോറി ഡ്രൈവറായ മൈലക്കാട് കാവുവിള വീട്ടിൽ സുനിൽ കുമാർ (46) ആണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിക്കുകയായിരുന്നു.

പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ടിപ്പർ ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സംഭവത്തിൽ സുനിൽ കുമാറിന് തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ടിപ്പർ ലോറിയുടെ ഡ്രൈവർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇങ്ങനെയല്ലെന്നും പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കൊല്ലം ബൈപ്പാസിലെ അപകടങ്ങൾ തുടർക്കഥയാകുന്നു. 

ബൈപ്പാസിൽ പൂർണ്ണമായും നീരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികാരികളും വിശിഷ്യ ജനപ്രതിനിധികളും തള്ളിക്കളഞ്ഞമട്ടാണ്. നാട്ടുകാർ ആവശ്യം ഉന്നയിച്ച് എക്സിക്യൂട്ടിവ് എൻജിനിയറെ മുൻപ് സമീപിച്ചിരുന്നു. ആവശ്യം അംഗീകരിച്ച അദ്ദേഹം ഉടൻ പദ്ധതി തയ്യാറാക്കാം എന്ന വാക്കും നൽകിയിരുന്നു. ആ വാക്കിന് വിലയില്ലാതെയായിട്ട് പിന്നെയും മാസങ്ങൾ കടന്നു പോകുന്നു.

കഴിഞ്ഞ ജനുവരി 22 ന് കൊല്ലം ബൈപ്പാസിൽ സംഭവിച്ച അപകടത്തിൽ ഗുരുതര പരിക്കേറ്റ് മൂന്നാഴ്ചയിൽ കൂടുതൽ ആശുപത്രിയിൽ കിടന്ന കടവൂർ സ്വദേശിയായ മുപ്പത്തിരണ്ടുകാരൻ കഴിഞ്ഞ മാസം പതിനഞ്ചിനാണ് മരണത്തിന് കീഴടങ്ങിയത്. അമിത വേഗതയിൽ മീൻ കയറ്റി വന്ന വാഹനം  ബൈക്കിലിടിച്ചായിരുന്നു അപകടം. ഇത്തരത്തിൽ അമിത വേഗതയ്ക്കും അശ്രദ്ധമായി വാഹനം ഓടിയ്ക്കുന്നതിനും ഒരു പരിധി വരെ ക്യാമറ തടസ്സമായി നില്ക്കുമെന്നാണ് വിശ്വാസം.

അതേ സമയം കൊല്ലം സിറ്റി പോലീസ് സുരക്ഷാ നടപടികളുടെ ഭാഗമായി അതിര്‍ത്തികളില്‍ നിരീക്ഷണ ക്യാമറാകള്‍ സ്ഥാപിച്ചിരുന്നു. കൊട്ടിയം കുണ്ടറ റൂട്ടിലെ മൊയ്തീന്‍ മുക്കിലും കൊല്ലം ബൈപ്പാസില്‍ ആല്‍ത്തറമ്മൂട്ടിലുമാണ് പുതിയ ക്യാമറാകള്‍ സ്ഥാപിച്ചത്. കൊല്ലം സിറ്റി പോലീസ് അതിര്‍ത്തികളായ പാരിപ്പളളി കടമ്പാട്ട്കോണം, ഓച്ചിറ, ചന്ദനത്തോപ്പ്, കൊല്ലം ടൗണ്‍, ആര്‍.ഒ.ബി എന്നിവിടങ്ങളില്‍ മുന്‍പ് തന്നെ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതോടെ കൊല്ലം സിറ്റി പോലീസ് പരിധിയിലെ എല്ലാ പ്രധാന റോഡുകളിലും സുരക്ഷാ ക്യമറകള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലയിലേക്കും തിരിച്ചും പോകുന്ന എല്ലാ വാഹനങ്ങളും ഇനി ക്യാമറ നിരീക്ഷണത്തില്‍ ആയിരിക്കും.

Post a Comment

0 Comments