banner

കള്ളന്മാരെ ഭയന്ന് വയോധിക സ്വര്‍ണവും പണവും പുരയിടത്തിൽ കുഴിച്ചിട്ടു; നാല് പാടും കുഴിച്ചിട്ടും സാധനം കിട്ടിയില്ല; ഒടുവിൽ പോലീസെത്തി; കൊല്ലത്തെ സംഭവം ഇങ്ങനെ

ഓച്ചിറയിൽ വയോധിക കള്ളന്മാരെ ഭയന്ന് കൈവശമുണ്ടായിരുന്ന സ്വര്‍ണവും പണവും വീടിന് സമീപം കുഴിച്ചിട്ടു. കണ്ടെടുക്കാൻ ഒടുവിൽ പോലീസിനെ വിളിക്കേണ്ടി വന്നു. ബന്ധുവീട്ടില്‍ പോയപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ആരുമറിയാതെ വീടിന് സമീപം പുരയിടത്തിൽ കുഴിച്ചിട്ട ചങ്ങൻകുളങ്ങര സ്വദേശിനിയാണ് പോലീസ് സഹായം തേടിയത്. 

ഭർത്താവിനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് സ്വർണവും പണവും വയോധിക പുരയിടത്തിൽ കുഴിച്ചിട്ടത്. പിന്നാലെ ബന്ധുവീട്ടില്‍ നിന്ന് തിരികെയെത്തിയെങ്കിലും കൊവിഡ് ബാധിച്ചതിനെ തുടർന്ന് സ്വർണവും പണവും വീണ്ടെടുക്കാനും ആയില്ല. കൊവിഡ് ബാധയ്ക്ക് ശേഷം സാധനം എടുക്കാനെത്തിയെങ്കിലും കുഴിച്ചിട്ട സ്ഥലം മറന്നു പോയതോടെ വീടിന് സമീപം പലയിടങ്ങളിലും കുഴിച്ചു. 

എന്നാൽ ഫലമില്ലാതെ വന്നതോടെ കുഴിച്ചിട്ട സ്വർണവും പണവും കള്ളന്മാർ കൊണ്ടുപോയതായി തന്നെ വിചാരിച്ചു. പിന്നാലെ ഓച്ചിറ പോലീസിൽ സ്വർണം മോഷണം പോയെന്ന് പരാതി നൽകുകയായിരുന്നു. ഇതിന്മേൽ പോലീസ് അന്വേഷണം പുരോഗമിക്കവേയാണ് പുരയിടത്തിൽ കുഴിച്ചിട്ട സംഭവം പുറത്തു വരുന്നത്.

20 പവൻ സ്വർണവും 15,000 രൂപയുമാണ് ഇവർ ഇത്തരത്തിൽ കുഴിച്ചിട്ടത്.  പുരയിടത്തിൽ തന്നെ സ്വർണവും പണവും ഉണ്ടെന്ന നിഗമനത്തിൽ പോലീസ് ഇവിടെ മുഴുവന്‍കുഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് പുരയിടത്തില്‍ നിന്നു സ്വര്‍ണവും പണവും കണ്ടെത്തിയത്.

Post a Comment

0 Comments