banner

ദുൽഖറിനെതിരേയുള്ള വിലക്ക് എടുത്തുമാറ്റി ഫിയോക്;

നടൻ ദുൽഖർ സൽമാനെ വിലക്കിയതിൽ വിശദീകരണവുമായി ഫിയോക് പ്രസിഡന്റ് വിജയകുമാർ. ഇന്ന് നടന്ന ഫിയോക് യോഗത്തിന് ശേഷം ദുൽഖറിനെതിരേയുള്ള വിലക്ക് എടുത്തുമാറ്റിയിരുന്നു. ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസിനെതിരേയും വിലക്കുണ്ടായിരുന്നു.

സല്യൂട്ട് തിയേറ്റർ റിലീസ് തീരുമാനിച്ചിരുന്ന സിനിമയായിരുന്നുവെന്നും ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതുമൂലമുണ്ടായ സ്വാഭാവിക പ്രതിഷേധമായിരുന്നു അതെന്ന് വിജയകുമാർ പറഞ്ഞു. 'കുറുപ്പ് എന്ന ചിത്രം ഞങ്ങൾക്ക് യാതൊരു കമ്മിറ്റ്മെന്റ് ഇല്ലാതിരുന്നിട്ട് കൂടി തിയേറ്ററുകളിൽ റിലീസ് ചെയ്ത് സഹായിക്കുകയാണ് ദുൽഖർ ചെയ്തത്. 

ബ്രോ ഡാഡിയടക്കം ഒട്ടേറെ സിനിമകൾ ഒടിടിയിലേക്ക് പോയി. ഞങ്ങൾ പ്രതിഷേധിച്ചില്ലല്ലോ. കാരണം നിർമാതാവാണ് തീരുമാനിക്കുന്നത് ചിത്രം ഏത് പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യണമെന്നത്. എന്നാൽ സല്യൂട്ട് ഞങ്ങളുമായി കരാറുള്ള ചിത്രമായിരുന്നു. ഒരുപാട് തിയേറ്ററുകൾ ഓൺലൈൻ റിസർവേഷൻ തുടങ്ങിയിരുന്നു. ആ ചിത്രം പെട്ടന്നൊരു അറിയിപ്പില്ലാതെ ഒടിടിയിൽ പോയാൽ അതിനുള്ള കാരണം ഞങ്ങൾക്ക് അറിയണം. ഞങ്ങളെ സഹായിച്ച താരമല്ലേ, എന്ന് കരുതി ചോദിക്കാതിരിക്കാനാകില്ല.

അവർ ഞങ്ങൾക്ക് വിശദീകരണം നൽകി. അതിങ്ങനെയായിരുന്നു, സല്യൂട്ട് ഒടിടിയ്ക്ക് വേണ്ടി ഒരുക്കിയ ചിത്രമായിരുന്നു. കുറുപ്പ് എന്ന സിനിമയ്ക്ക് തിയേറ്റർ ഉടമകൾ നൽകിയ സഹകരണം കണ്ടതുകൊണ്ടാണ് ഈ സിനിമയും തിയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. അതിന് വേണ്ടി അൻപത് ലക്ഷത്തോളം അവർ ചെലവാക്കി. ആ സമയത്താണ് ഒമിക്രോൺ വന്നതും റിലീസ് മാറ്റി വയ്ക്കേണ്ടി വന്നതും. ഒടിടിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം മാർച്ച് 20 ന് മുൻപ് റിലീസ് ചെയ്യണം. അവർ പരമാവധി തിയേറ്റർ റിലീസിന് ശ്രമിച്ചുവെങ്കിലും നടന്നില്ല. അവർ കാരണം വ്യക്തമാക്കിയപ്പോൾ ഞങ്ങൾക്കും തൃപ്തിയായി''- വിജയകുമാർ പറഞ്ഞു.

إرسال تعليق

0 تعليقات