banner

ജനത്തിന് ഇരുട്ടടി: രാജ്യത്ത്‌ തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ വർധനവ്

രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോൾ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ നാലര രൂപയ്ക്ക് മുകളിലേക്കാണ് ഇന്ധനവില ഉയർന്നത്.

ഇക്കഴിഞ്ഞ 22ന് പെട്രോള്‍- ഡീസല്‍ വിലയ്ക്കൊപ്പം കമ്പനികള്‍ പാചകവാതകവിലയും വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അഞ്ചു കിലോയുടെ സിലിണ്ടറിന് 13 രൂപയും കൂട്ടി. ഇതോടെ പലിയിടങ്ങളിലും ഗാര്‍ഹിക സിലിണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ 1,000 രൂപയ്ക്കു മുകളില്‍ രൂപ നൽകേണ്ടിവരും. ഇന്നത്തെ വില വർധനയോടെ ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പെട്രോൾ വില 110ന് അ‌രികേ എത്തിയിരിക്കുകയാണ്.

ന്യൂഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 98.93 രൂപയാണ് പുതുക്കിയ വില. ഡീസല്‍ ലിറ്ററിന് 90.05 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 113.49 രൂപയും ഡീസല്‍ ലിറ്ററിന് 97.58 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 109.88 രൂപയും ഡീസല്‍ ലിറ്ററിന് 96.85 രൂപയുമാണ് വില.

കഴിഞ്ഞവര്‍ഷം ജൂണ്‍ 26 മുതലാണ് കേരളത്തിൽ പെട്രോള്‍ വില 100 രൂപ കടന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.56 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 94.76 രൂപയാണ് വില. കോഴിക്കോട് ഓഗസ്റ്റ് അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 108.00 രൂപയും ഡീസലിന് 95.19 രൂപയുമാണ് വില

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടർന്ന് ഇന്ധനവില വർധനവ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വീണ്ടും പതുക്കെ പതുക്കെ എണ്ണക്കമ്പനികൾ വില വർധിക്കുന്നതാണ് കാണുന്നത്. വരും ദിവസങ്ങളിലും ഇന്ധനവില കൂടുമെന്നാണ് വിലയിരുത്തലുകൾ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ധനവിലയിൽ മാറ്റം വന്ന സാഹചര്യത്തിൽ അന്താരാഷ്‌ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില 82 ഡോളറായിരുന്നു.

യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയുടെ മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെ നിലവിൽ 120 ഡോളറിനരികെയാണ് മാർക്കറ്റിൽ ക്രൂഡ് ഓയിലിന്‍റെ വില. അതിനാൽ തന്നെ വരും ദിവസങ്ങളിൽ വീണ്ടും വിലവർധനക്കാണ് സാധ്യത. ഈ സാഹചര്യത്തിൽ അവശ്യ വസ്‌തുക്കളുടെ ഉൾപ്പടെ വില വർധിക്കും. റഷ്യയില്‍ നിന്നും കുറ‍ഞ്ഞ നിരക്കില്‍ ക്രൂഡ് ഓയിൽ വാങ്ങാന്‍ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികള്‍ ഇത് സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇത് വിജയം കണ്ടാല്‍ ഇന്ധന വില വർധന കാര്യമായി ഉണ്ടാകില്ല.

Post a Comment

0 Comments