ഏരൂർ ഓയിൽപാം എസ്റ്റേറ്റിൽ മേയാൻ വിടുന്ന പശുക്കളെ കൊലപ്പെടുത്തി മാംസം കടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി പതിവായിരുന്നു. കഴിഞ്ഞദിവസം സജി എന്നയാളുടെ ഗർഭിണിയായ പശുവിനെയും വെടിവെച്ച് കൊന്ന് മാംസം കടത്തി. സംഭവത്തിൽ സജി പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ റെജീഫും സംഘവും വാഹനത്തിൽ വരുന്ന ചില സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്നാണ് ഇവരെ പിടികൂടി ചോദ്യംചെയ്തത്. പശുവിനെ വെടിവെച്ച് കൊന്ന് മാംസമെടുത്ത ശേഷം തലയും മറ്റ് അവശിഷ്ടങ്ങളും കാട്ടിൽ ഉപേക്ഷിച്ചെന്നായിരുന്നു പ്രതികളുടെ മൊഴി. ഇവരിൽനിന്ന് നാടൻ തോക്കും തിരകളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
മാംസവിഭവങ്ങൾ തയ്യാറാക്കുന്ന വീഡിയോകളാണ് റെജീഫ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നത്. വേട്ടയാടുന്ന പശുക്കളുടെ ഇറച്ചിയാണ് ഇത്തരം വീഡിയോകൾ ചിത്രീകരിക്കാൻ ഉപയോഗിച്ചതെന്നാണ് പോലീസിന്റെ സംശയം. ഇതേക്കുറിച്ചെല്ലാം പോലീസ് അന്വേഷിച്ചുവരികയാണ്.
0 تعليقات