banner

മകനെ അമ്മ ഉപേക്ഷിച്ചത് സിദ്ധൻ്റെ വാക്ക് കേട്ട്; പ്രതി ചൂഷണം ചെയ്തിരുന്നത് വിധവകളെയും,​ വിവാഹമോചിതരെയും; പതിമൂന്നുകാരന്റെ പരാതിയിൽ വ്യാജ സിദ്ധൻ കുടുങ്ങി

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത മകനെ ഉപേക്ഷിക്കാൻ യുവതിയെ പ്രേരിപ്പിച്ച സിദ്ധൻ അറസ്റ്റിൽ. ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്പിൽ രവി (52) ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായത്. അമ്മയെ കാണാനില്ലെന്ന് പതിമൂന്നുകാരനായ മകൻ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. 
കഴിഞ്ഞ ഫെബ്രുവരി 12ന് യുവതിയെ കാണാനില്ലെന്ന് മകൻ കാക്കൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. മകന്റെ പരാതിയിൽ യുവതിയെ കണ്ടെത്തുകയും മകനെ ഉപേക്ഷിച്ചതിന് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ യുവതി റിമാൻഡിൽ കഴിയുകയും ചെയ്തു. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു.

കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇരുവരും ഫോണിൽ സംസാരിച്ചത് 2858 തവണ. പ്രതിയും യുവതിയും വിവിധ ഇടങ്ങളിൽ താമസിച്ചിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മകനെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു എന്ന പേരിൽ രവിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വീടിനോട് ചേർന്ന് അമ്പലം പണിത് കർമങ്ങൾ നടത്തിവന്നിരുന്ന 'സിദ്ധനായിരുന്നു' പ്രതിയായ രവി. പ്രശ്നപരിഹാരത്തിനായി എത്തുന്ന വിധവകൾ,​ വിവാഹമോചിതർ ഉൾപ്പടെ സ്ത്രീകളെ വശത്താക്കി ഇയാൾ ചൂഷണം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. 

അറസ്റ്റിലായതിനുശേഷവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇയാളെ അന്വേഷിച്ച് ആളുകൾ എത്തിയിരുന്നു. എന്നാൽ പ്രതി ടൂറിലാണെന്നായിരുന്നു കൂട്ടാളികൾ മറുപടി നൽകിയിരുന്നത്.

إرسال تعليق

0 تعليقات