banner

‘ഇവർക്ക് അഭയവും, ഭക്ഷണവും എത്തിച്ചു നല്‍കിയത് ഞാനാണ്’; കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച് റൊമാനിയന്‍ മേയര്‍

ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കാറെസ്റ്റിലെത്തിയ കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച് റൊമാനിയന്‍ മേയര്‍. 

കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് റൊമാനിയൻ നഗരത്തിലെ മേയറിൽനിന്ന് രൂക്ഷവിമർശനം നേരിട്ടത്. ഉക്രെയ്‍നില്‍ നിന്നുള്ളവര്‍ക്കുള്ള ദുരിതാശ്വാസ ക്യാംപില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സിന്ധ്യ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മേയര്‍ ഇടപെട്ടത്.

മറ്റ് വിഷയങ്ങള്‍ സംസാരിക്കാതെ എപ്പോള്‍ നാട്ടിലേക്ക് തിരക്കുമെന്ന കാര്യത്തില്‍ മേയര്‍ മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതോടെ സിന്ധ്യ മേയറോട് ദേഷ്യപ്പെട്ടു. എന്ത് സംസാരിക്കണമെന്ന കാര്യം താങ്കൾ നിർദേശിക്കേണ്ടെന്നും അക്കാര്യം താൻ തന്നെ തീരുമാനിച്ചോളാമെന്നും സിന്ധ്യ പറഞ്ഞു. ഇതോടെയാണ് മേയർ നിയന്ത്രണംവിട്ട് കയര്‍ത്തത്.

വിദ്യാർത്ഥികൾ കണ്ടുനിൽക്കെ രൂക്ഷസ്വരത്തിലായിരുന്നു മേയറുടെ മറുപടി. ”ഇവർക്ക് അഭയമൊരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തത് ഞാനാണ്. നിങ്ങളല്ലെന്നുമായിരുന്നു മന്ത്രിക്ക് മേയറുടെ മറുപടി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ മേയറുടെ പ്രതികരണം വിദ്യാർത്ഥികൾ കൈയടിച്ചു സ്വീകരിക്കുന്നതും കാണാം. 

ഇത്തരം നാടകനടന്മാരെ തിരിച്ചുവിളിച്ച് വിദഗ്ധരെയും പ്രൊഫഷണലുകളെയും അയക്കൂവെന്ന് കോൺഗ്രസ് കേരളയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിഡിയോ പങ്കുവച്ച് ആവശ്യപ്പെട്ടു.

Post a Comment

0 Comments